ടൊവീനോ ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവം; ബജ്‌റംഗ്ദളിനെതിരെ ആദ്യം പരാതി നല്‍കിയത് ക്ഷേത്രഭാരവാഹികള്‍

എറണാകുളം: കാലടിയില്‍ ക്ഷേത്രത്തിന് മുമ്പിലെ ക്രിസ്ത്യന്‍പള്ളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം പൊലീസില്‍ പരാതി നല്‍കിയത് ക്ഷേത്രഭാരവാഹികള്‍. ബേസില്‍ ജോസഫ് സംവിധായകനായ ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റാണ് അക്രമികള്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.

സംഭവത്തില്‍ അക്രമി സംഘമെത്തിയതെന്ന് കരുതുന്ന വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു. അന്വേഷണം ശക്തമാക്കിയതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പെരുമ്പാവൂര്‍ സി.ഐ വ്യക്തമാക്കി.

ശിവരാത്രി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് അക്രമിക്കപ്പെട്ടത്. ക്ഷേത്രം അധികൃതരുടെ സമ്മതത്തോടെ മാര്‍ച്ചിലാണ് ഇവിടെ സെറ്റ് നിര്‍മ്മിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷൂട്ടിംഗ് നിലച്ചതോടെ ക്ലൈമാക്‌സ് രംഗങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് ഇവിടെ നിലനിര്‍ത്തിയിരുന്നത്. ക്ഷേത്രത്തിന് മുന്നില്‍ പള്ളിയുടെ സെറ്റ് സ്ഥാപിച്ചതിനെതിരെ വിദ്വേഷപ്രചാരണവുമായി വര്‍ഗീയ സംഘടനകള്‍ തുടക്കത്തില്‍ തന്നെ രംഗത്തുവന്നിരുന്നു.

ക്ഷേത്രഭാരവാഹികളുടെ പരാതിക്ക് പിന്നാലെ സിനിമാ നിര്‍മാതാവും പരാതി നല്‍കി. പരാതികളില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ സിസി ടിവി കാമറകളില്‍ നിന്നാണ് അക്രമികളെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

എ.എച്ച്.പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കല്‍ നടന്നത്.’യാചിച്ച് ശീലമില്ല, പൊളിച്ചുകളയാന്‍ തീരുമാനിച്ചു’ എന്ന തരത്തില്‍ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികളെടുക്കുമെന്ന് സിനിമ നിര്‍മ്മാതാവും പ്രതികരിച്ചു.

വടക്കേ ഇന്ത്യയില്‍ നിന്നൊക്കെ കേള്‍ക്കുന്ന കാര്യമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലും സംഭവിച്ചത് എന്ന് നടന്‍ ടൊവീനോട് പ്രതികരിച്ചു. ‘ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്… വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്.അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല’ – ടൊവീനോ കുറിച്ചു.

‘ വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും’ – എന്നായിരുന്നു സംവിധായകന്‍ ബേസിലിന്റെ പ്രതികരണം.