കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ വിസ്‌കിയും ടച്ച് അപ്പും; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മദ്യക്കുപ്പികളുടെ ചിത്രം. സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി. ഒരു മേശയ്ക്കു മുകളില്‍ വിസ്‌കികളും ഗ്ലാസുകളും ടച്ച് അപ്പും മറ്റും ഇരിക്കുന്ന ചിത്രമാണ് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്.

പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രത്തിനൊപ്പമാണ് മദ്യപാന ചിത്രം പോസ്റ്റ് ചെയ്തത്. ഹൗറ ജില്ലയിലെ പച്‌ല ബ്ലോക്കിലെ ദേവുല്‍പൂരില്‍ വ്യാപകമായി വീണുകിടക്കുന്ന മരങ്ങളും മറ്റും മുറിച്ചുമാറ്റുന്ന എന്‍ഡിആര്‍എഫ് സംഘത്തിന്റെ ചിത്രത്തിനൊപ്പമാണ് ഒരു മേശയ്ക്ക് മുകളിലായി വച്ചിരിക്കുന്ന രണ്ട് ബോട്ടില്‍ റോയല്‍ സ്റ്റാഗ് വിസ്‌ക്കിയുടേയും സ്‌നാക്‌സിന്റേയും ചിത്രം കൂടി ഉള്‍പ്പെട്ടത്.

മേശയ്ക്കരികില്‍ ഇരിക്കുന്ന ഒരാളുടെ കാലും ചിത്രത്തില്‍ കാണാം. ഇതോടെ പോസ്റ്റിനടയില്‍ നിരവധി പേരാണ് അത്ഭുതവും മന്ത്രാലയത്തിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടി കമന്റ് ചെയ്തിരിക്കുന്നത്. ‘ആരാണ് ഈ പേജ് കൈകാര്യം ചെയ്യുന്നതെന്നും’ ‘എന്താണ് ഇത്തരം ചിത്രങ്ങളൊക്കെ ഈ പേജില്‍ വരുന്നതെന്നും’ ചിലര്‍ ചോദിക്കുന്നു. സംഗതി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി പേര്‍ വിമര്‍ശനവും ട്രോളുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് പോസ്റ്റ് ഒന്നാകെ ഡിലീറ്റ് ചെയ്തത്.

SHARE