പല മന്ത്രിമാരും സമ്പൂര്‍ണ പരാജയം; സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍

കാലാവധി തീരാന്‍ 17 മാസം ബാക്കി നില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. പകരം പുതുമുഖങ്ങള്‍ എത്തും.

മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.എന്നാല്‍ മുതിര്‍ന്ന മന്ത്രിമാരായ ഇ.പി.ജയാരജനും എ.കെ.ബാലനും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറല്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരനാണ് സാധ്യത.

വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.