ദീപം തെളിയിക്കല്‍; മോദിയെ അനുകൂലിച്ച് മന്ത്രി വി.എസ് സുനില്‍കുമാര്‍


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ഏപ്രില്‍ അഞ്ചിന് രാത്രി ചെറുദീപം തെളിയിച്ച് കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ലോക്ക്ഡൗണില്‍ ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോള്‍ വെളിച്ചത്തിലൂടെ നമ്മള്‍ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല.രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊറോണക്കെതിരേ പോരാടുന്നുവെന്ന് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മന്ത്രി പ്രതികരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പത് മണിമുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.