കോഴിക്കോട്: ബിവറേജസ് ഷോപ്പുകളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ബിവറേജസില്‍ ആളുകള്‍ കൂടുതല്‍ എത്തിയതിന്റെ പേരില്‍ ഇതുവരെ ഒരിടത്തും പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിമര്‍ശനം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. ഇക്കാര്യം പരാമര്‍ശിച്ചുള്ള നിരവധി ട്രോളുകളും വൈറലായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.
കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ഒരു ബിവറേജസ് ഷോപ്പ് പോലും അടച്ചിടേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.