വര്‍ഗീയ നിലപാടുകള്‍ ആവര്‍ത്തിച്ച് ബി.ജെ.പി സര്‍ക്കാര്‍; മധ്യപ്രദേശില്‍ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി

ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രിമാരുടെ പദവി നല്‍കിയ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. കമ്പ്യൂട്ടര്‍ ബാബ, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ സഹമന്ത്രിമാരുടെ പദവി നല്‍കിയത്.

നര്‍മദ നദി സംരക്ഷിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങളായി തെരഞ്ഞെടുത്തതോടെയാണ് ഈ അഞ്ച് പേര്‍ക്കും സഹമന്ത്രിമാര്‍ക്ക് തുല്യമായ പദവി ലഭിച്ചത്. ഇതോടെ ഇവര്‍ക്ക് സഹമന്ത്രിമാര്‍ക്ക് തുല്യമായ വേതനവും ആനുകൂല്യങ്ങളും ലഭിക്കും. ഏപ്രില്‍ മൂന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം,നദീ ശുചീകരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുകയാണ് കമ്മിറ്റിയുടെ ചുമതല.

അതേസമയം ഇവരില്‍ മിക്കവരും സന്യാസത്തെ മറയാക്കി ആഢംബര ജീവിതം നയിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പ്യൂട്ടറിന് തുല്യമായ ബുദ്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് സ്വാമി നാംഥേവ് ദാസ് ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബ. 54 കാരനായ ഇയാളുടെ കയ്യില്‍ എപ്പോഴും ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളുണ്ടാവും. ഇന്‍ഡോ ര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് വര്‍ഷം മുമ്പ് കുംഭമേളയ്ക്കിടെ തന്റെ ഹെലികോപ്ടറിന് മലനിരകളില്‍ ലാന്‍ഡിങ് നടത്തുന്നതിന് അനുമതി തേടിയത് കൗതുകമായിരുന്നു. 2014-ല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബാബ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ബി.ജെ.പിയും ആര്‍. എസ്.എസും സന്യാസികളെ നിക്ഷിപ്ത താത്പര്യത്തിന് ഉപയോഗിച്ച് ചൂഷണം ചെയ്യുകയാണെന്ന് 2015-ല്‍ നടത്തിയ പ്രസ്താവനയും ഇയാളെ ശ്രദ്ധേയനാക്കി. അത്യാധുനിക വാഹനങ്ങളില്‍ അനുയായികള്‍ക്കൊപ്പം യാത്ര ചെയ്ത് റിസോര്‍ട്ടുകളില്‍ സമയം ചെലവിടുന്നതാണ് ഭയ്യൂജി മഹാരാജിന്റെ പ്രധാന വിനോദം. മുന്‍ മോഡല്‍ കൂടിയായ ഇയാളുടെ യഥാര്‍ത്ഥപേര് ഉദയ്‌സിങ് ദേശ്മുഖ് എന്നാണ്. നടപടി സാമുദായിക പ്രീണനമാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഈ വര്‍ഷാവസാനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നടപടിയെന്നും നര്‍മദ നദിയെ അവഗണിച്ചുവന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ പാപങ്ങള്‍ കഴുകിക്കളയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും പാര്‍ട്ടി വക്താവ് പങ്കജ് ചതുര്‍വേദി കുറ്റപ്പെടുത്തി.

സന്യാസിമാരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും കോ ണ്‍ഗ്രസ് എതിരാണെന്നായിരുന്നു ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാളിന്റെ പ്രതികരണം. നര്‍മദ തീരത്തെ മരംനടലുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ നേരത്തെ ശക്തമായ നിലപാടെടുത്ത ആളായിരുന്നു ക മ്പ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്ദും. ഇതിനായി നര്‍മദാ ഗോതല രഥ് യാത്ര നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധ നീക്കത്തിന് തടയിട്ടാണ് സഹമന്ത്രിക്ക് തുല്യമായ പദവിയില്‍ സന്യാസിമാരെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്.