മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തി; രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു.

കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്.

മന്ത്രി കെ.ടി ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടി എന്നയാളെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജറായി നിയമച്ചിരിക്കയാണ്. സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജറാണ് നിയമിതനായ ബന്ധു. 29.06.2013ന് ഇറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഈ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഇദ്ദേഹത്തിനില്ലെന്നും, ഫിറോസ് പറഞ്ഞു.

ബന്ധുവിന് വേണ്ടി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം, മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 18.08.2016ന് മാറ്റി ഇറക്കുകയാണ് ചെയ്തത്. പുതിയ വിജ്ഞാപനം അനുസരിച്ച് അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയെങ്കിലും മന്ത്രി ജയരാജന്റെ ‘ചിറ്റപ്പന്‍ നിയമനം’ വിവാദമായ സാഹചര്യത്തില്‍ അപേക്ഷനായിരുന്ന ഇദ്ദേഹം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. 08.10.2018ന് ഇറങ്ങിയ പൊതുഭരണ വകുപ്പിലെ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യട്ടേഷന്‍ വ്യവസ്ഥയിലാണ് സാധാരണ ഗതിയില്‍ ഈ തസ്തികയിലേക്ക് നിയമനം നടത്താറുള്ളത്. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുകയും ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരിക്കുന്നതെന്ന്, യൂത്ത് ലീഗ് ജന. സെക്രട്ടറി വിശദീകരിച്ചു.
സ്വജനപക്ഷപാതം വഴിയും അനധികൃതമായും നിയമനം നേടിയ മന്ത്രി ബന്ധുവിനെ തത് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ചട്ടം ലംഘിച്ച് ബന്ധുവിന് നിയമനം നല്‍കിയതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണ്. നിയമപരമായും ധാര്‍മ്മികപരമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ട മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.