ശബരിമല യുവതിപ്രവേശനം; വ്യക്തതയില്ലാതെ മന്ത്രി കെ.ടി ജലീലിന്റെ മറുപടി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ വ്യക്തത നല്‍കാനാവാതെ മന്ത്രി കെ.ടി ജലീല്‍. ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. പക്ഷേ ഒരിക്കല്‍ സംഭവിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ശബരിമലയിലെത്തിയ മനീതി സംഘം ദര്‍ശനം നടത്താതെ തിരിച്ചിരുന്നു. ഇവരെ അനുനയിപ്പിച്ച് പിറകോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലായിരുന്നു സംഘം. അതിനിടെ, ശബരിമലയിലേക്കുള്ള വഴിയില്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിന് ശേഷം യുവതികളുമായി സന്നിധാനത്തേക്ക് തിരിച്ചുവെങ്കിലും ഇടക്കുവെച്ച് പ്രതിഷേധം ശക്തമായതോടെ യുവതികളെ തിരിച്ചിറക്കി. അതേസമയം, ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനമാണ് വിഷയത്തിലുണ്ടാവേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.

കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികള്‍ കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയായിരുന്നു. ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയായിരുന്നു.