യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് പിന്‍വാതില്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന നയം തുടരുകയാണ് പിണറായി സര്‍ക്കാര്‍. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനെ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റില്‍ ജോലിക്ക് നിയമിച്ചതാണ് പുതിയ വിവാദം. ബി.ടെക് എന്‍ജിനീയറായ മകനെ മന്ത്രിയുടെ മണ്ഡലത്തിലെ എനര്‍ജി മാനേജ്‌മെന്റില്‍ എനര്‍ജി ടെക്‌നോളജിസ്റ്റ് ബി ഗ്രേഡില്‍ നിയമിക്കുകയായിരുന്നു. 31000 – 83000 രൂപ വരെയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് മന്ത്രിപുത്രന് അവസരം ഒരുക്കിയതെന്നാണ് ആക്ഷേപം.

ഊര്‍ജ വകുപ്പ് സ്ഥാപനത്തിലെ നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടുകൊണ്ട് നേരത്തെ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനിടെയാണ് അനൂപിനെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ജോലിയില്‍ തിരുകിക്കയറ്റിയത്. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നടത്തേണ്ടതെന്ന മാനദണ്ഡവും മറികടന്നു. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനമായി പരിഗണിച്ച് ഭാവിയില്‍ ജോലി സ്ഥിരപ്പെടുത്താനാണ് പദ്ധതി. സര്‍ക്കാര്‍ ജോലി വളഞ്ഞ വഴിയില്‍ നേടുന്ന രീതിയാണ് ഈ വിഷയത്തിലും തുടരുന്നത്. പി.എസ്.സി നിയമനങ്ങള്‍ മരവിപ്പിക്കുമ്പോള്‍ത്തന്നെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരായി പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റുന്നത് തുടരുന്നതിനിടെയാണ് ഈ നിയമനവും നടക്കുന്നത്. ബന്ധു നിയമനങ്ങളുടെ സ്വന്തം സര്‍ക്കാരായി ഇതോടെ ഇടതു സര്‍ക്കാര്‍ മാറിയെന്നാണ് രാഷ്ട്രകീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

SHARE