പാലത്തായി പീഡനക്കേസിൽ ആര്‍എസ്എസുകാരനു വേണ്ടി ഞാൻ നിലകൊണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി ശൈലജ

തിരുവനനന്തപുരം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്ത്. ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസുകാരനായ പ്രതിയ്ക്കു വേണ്ടി ഞാന്‍ നിലകൊണ്ടെന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയാവുന്ന ആരും വിശ്വസിക്കില്ലെന്നായിരുന്നു മന്ത്രി കെ.കെ ശൈലജയുടെ പ്രതികരണം. കേസില്‍ പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് അപമാനമാണെന്നും അയാള്‍ക്ക് ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് കഴിഞ്ഞ ദിവസാമണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. മന്ത്രി ശൈലജയുടെ മണ്ഡലത്തില്‍ നടന്ന ദാരുണ സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ വൈകിയതില്‍ വലിയ വിമര്‍ശനം ഉയരുന്നിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് കൂടിയായ പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അന്വേഷണസംഘത്തിന്റെ അനാസ്ഥ പ്രതിയ്ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമെന്ന് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കും വിധം പ്രതി പുറത്തിറങ്ങുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പത്മരാജനെതിരെ ബലാത്സംഗക്കുറ്റത്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കുറ്റപത്രത്തില്‍ ബലാത്സംഗക്കുറ്റമില്ല. ഇതോടെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രികൂടിയായ ശൈലജക്കെതിരേയും പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് താനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ മന്ത്രി കെ കെ ശൈലജയുടെ ഫെയ്‌സ്ബുക്കിലെ കുറിപ്പ്.

തന്റെ നിയോജകമണ്ഡലത്തില ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലായിരുന്നെന്നും പ്രതിയുടെ അറസ്റ്റ് വൈകിയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി മന്ത്രി കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ അട്ടിമറി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. പോക്‌സോ കേസ് ഒഴിവാക്കി കുറ്റപത്രത്തില്‍ ദുര്‍ബലമായ വകുപ്പുകളിട്ട് പ്രതിയായ ബിജെപി നേതാവ് പത്മരാജനെ രക്ഷപ്പെടുത്തുന്ന തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലുള്ള പ്രതികരണമാണ് മാധ്യമ പ്രവര്‍ത്തകര്‍ തേടിയത്. എന്നാല്‍ മറുപടി നല്‍കാതെ മറ്റ് വിഷയങ്ങള്‍ മുഖ്യമന്ത്രി സംസാരിച്ചെങ്കിലും രണ്ടുതവണ ആവര്‍ത്തിച്ച് ചോദിച്ചതോടെ എവിടേയും തൊടാതെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പാലത്തായി കേസ് അന്വേഷണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചതോടെ കോടതി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം. അതേക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.