ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി ജലീല്‍


തിരുവനന്തപുരം: ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്നും റിപ്പോര്‍ട്ടിന്റെ ആധികാരികത എന്താണെന്നും മന്ത്രി ചോദിച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നും ജലീല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയത നഷ്ടപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പറഞ്ഞത് വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ദുഷ്പ്രചാരണങ്ങള്‍ക്ക് എതിരായാണ്.
എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ തനിക്ക് പങ്കില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ല. ഗവര്‍ണര്‍ അതിനെ സംബന്ധിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. ഗവര്‍ണര്‍ തന്നെ പറഞ്ഞത് അങ്ങനെയൊരു റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നുമാണ്. ചാന്‍സിലറോ ഗവര്‍ണറോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള അറിയിപ്പ് സര്‍ക്കാരിനോ മന്ത്രിയെന്ന നിലയില്‍ തനിക്കോ നല്‍കിയാല്‍ അതിനെ സംബന്ധിച്ച് പ്രതികരിക്കുമെന്നും ജലീല്‍ പറഞ്ഞു.

SHARE