ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ ‘ആദ്യം വെടി നിര്‍ത്തൂ..’ എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്ന് നിര്‍ത്താതെയുള്ള പ്രതിഷേധമുയര്‍ന്നു.
പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പുണ്ടായ പശ്ചാത്തലത്തിലാണ് അക്രമണത്തിന് ആഹ്വാനം ചെയ്ത ധനകാര്യ സഹമന്ത്രി താക്കൂറിനെതിരെ പ്രതിഷേധമുയര്‍ന്നത്.
ഇന്നലെ രാത്രി ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ നടന്ന മൂന്നാമത്തെ സംഭവമാണിത്.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ‘ഗോലി മാരോ സാലോന്‍ കോ’ ആഹ്വാനത്തിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ തുടര്‍ച്ചയായി വെടിവെയ്പ്പുണ്ടാവുന്നത്. അക്രമണ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ബിജെപി മന്ത്രിയെ താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടക്കുന്ന വെടിവെപ്പിനെതിരെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യയിലെ സാധാരണക്കാര്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഭരണഘടന കൈയ്യിലേന്തി ദേശീയഗാനം ആലപിക്കുന്ന പ്രതിഷേധക്കാരെ ഭരണകൂടം വെടിവയ്ക്കുകയാണെന്നും ചൗധരി സഭയില്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ നിഷ്കരുണം കൊല്ലപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
‘ഭരണഘടന സംരക്ഷിക്കുക, നമ്മുടെ ഇന്ത്യയെ സംരക്ഷിക്കുക, സിഎഎയ്ക്ക് വേണ്ട തുടങ്ങി മുദ്രാവാക്യങ്ങളും ലോക്സഭയിലെ ചോദ്യാവലി സെക്ഷനില്‍ പ്രതിപക്ഷ എംപിമാര്‍ മുഴക്കി.
പ്രതിഷേധക്കാരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് വെടിവെപ്പിന് പിന്നിലെന്ന് അദിര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരണകക്ഷിയുടെ ഗുണ്ടകളാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും സംഭവത്തോട് സര്‍ക്കാറിന് മൗനാനുവാദമാമെന്നും ചൗധരി ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായിട്ടും ഡല്‍ഹിയില്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് വെടിവെപ്പ് വിഷയത്തില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തിരുന്നു.
ഒരു മാസത്തിലേറെയായി ഷഹീന് ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക സ്ഥലത്താണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. ഷഹീന് ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവാണ് രണ്ടു തവണ നിറയൊഴിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുമ്പോള്‍ പ്രതി ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ പറഞ്ഞു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപാല്‍ ശര്‍മ എന്ന പതിനേഴുകാരന് വെടിവെപ്പ് നടത്തിയിരുന്നു. ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.