തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പ്രമേയത്തെ പിന്തുണക്കില്ലെന്ന് സൂചന നല്‍കി മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പ്രശ്‌നങ്ങളില്ല. പ്രതിപക്ഷം സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.
എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളാതെ സ്പീക്കര്‍. നോട്ടീസ് നിയമപരമെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചട്ടം 130 പ്രകാരം നിയമസഭയില്‍ പ്രമേയം ആവശ്യപ്പെടാം.സഭയില്‍ ചര്‍ച്ച ചെയ്യണോയെന്ന് കാര്യ ഉപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
നയപ്രഖ്യാപന പ്രസംഗം കോടതി അലക്ഷ്യമാകുമോയെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രസംഗത്തിന്റെ ഉള്ളടക്കം അറിയില്ല. നയം തീരുമാനിക്കുന്നത് സര്‍ക്കാറാണ്. അത് സഭയില്‍ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.