അട്ടപ്പാടി ആദിവാസി പ്രശ്‌നങ്ങള്‍; എന്‍.ഷംസുദ്ദീനെ പ്രശംസിച്ച് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്‍ എന്‍.ഷംസുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി പ്രശംസകൊണ്ട് മൂടിയത്.
ഷംസുദ്ദീന്‍ കൃത്യമായി ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യവും മന്ത്രി എടുത്ത് പറഞ്ഞു. പ്രതിപക്ഷം ഒന്നാകെ ഡെസ്‌കിലടിച്ചാണ് മന്ത്രിയുടെ പരാമര്‍ശത്തെ എതിരേറ്റത്. അട്ടപ്പാടിയിലടക്കം പട്ടിക വിഭാഗങ്ങള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ താമസിപ്പാക്കാവുന്ന ശേഷിയുടെ ഇരട്ടിയലധികമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഈ അസൗകര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നായിരുന്നു ഷംസുദ്ദീന്റെ ചോദ്യം. പാര്‍പ്പിക്കാവുന്ന ശേഷിയെക്കാള്‍ കൂടുതലാണ് അന്തേവാസികളെന്നതില്‍ വസ്തുയുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇവിടെ അഡീഷണല്‍ ബ്ലോക്ക് നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഷംസുദ്ദീന് ഉറപ്പു നല്‍കി. കൂടാതെ ഇവിടെ മോഡല്‍ സ്പോര്‍ട്സ് സ്‌കൂള്‍ നിര്‍മിക്കുന്നതും പരിഗണിക്കും. എം.ആര്‍.എസുകളുടെയും സ്പോര്‍ട്സ് ഹോസ്റ്റലുകളുടെയും വിപുലീകരണത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.