‘മിനി പാകിസ്താനികള്‍’ പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കും

വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വനിയം ഭേദഗതിക്കെതിരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതിനാണ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കപില്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പരാമര്‍ശം നടത്തിയത്. ‘ഷഹീന്‍ബാഗിലൂടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു കടക്കുകയാണ്. അതുപോലെ മിനി പാക്കിസ്ഥാനികള്‍ ഡല്‍ഹിയില്‍ സൃഷ്ടിക്കപ്പെടുകയുമാണ്. ഷഹീന്‍ബാഗ്, ചാന്ദ് ബാഗ്, ഇന്തര്‍ലോക്, ഇവിടെ നിയമം പാലിക്കപ്പെടുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികളെല്ലാം റോഡുകളില്‍ നിറയുകയാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.

വിവാദ പരാമര്‍ശങ്ങള്‍ക്കു വിശദീകരണം ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിശ്രയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞു നല്‍കിയ മറുപടിയില്‍ താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്നു കരുതുന്നില്ലെന്നായിരുന്നു മറുപടി, സത്യം മാത്രമാണു പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നതായും മിശ്ര വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്.

SHARE