ക്യാമ്പയിന്‍ ഫലം കണ്ടു; അതും റെഡിയായി-മില്‍മ ഫായിസിന്റെ അടുത്തേക്ക്

കോഴിക്കോട്: കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസിന്റെ വാചകങ്ങള്‍ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ച മില്‍മ കമ്പനി കുട്ടിയെ നേരിട്ട് കാണാനും ആ വാചകത്തിന് പ്രതിഫലം നല്‍കാനും തയാറായതായി റിപ്പോര്‍ട്ട്. ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല…എന്ന ഫായിസിന്റെ വാചകങ്ങള്‍ വൈറലായതോടെയാണ് മില്‍മ തങ്ങളുടെ പരസ്യത്തിനായി ഡയലോഗ് മാറ്റി ഉപയോഗപ്പെടുത്തിയത്. ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മ ആണെങ്കില്‍!, എന്നായിരുന്ന മലബാര്‍ മില്‍മ പരസ്യവാചകമായി എഴുതിയത്.

എന്നാല്‍ പര്യസ്യത്തിനെതിരെ അടിച്ചുമാറ്റലിന് ഒരു പരിധിയില്ലേ എന്ന ചോദ്യങ്ങളുമുയര്‍ന്ന് സോഷ്യല്‍മീഡിയയില്‍ വിവാദം ഉയരുകയായിരുന്നു. തുടര്‍ന്ന് ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നും ഫായിസിന്റെ വാക്കിന് മില്‍മ പേറ്റന്റ് നല്‍കണമെന്നുള്ള കാമ്പ്യയിനും സോഷ്യല്‍ മീഡിയയില്‍ തുടങ്ങി. കടപ്പാട് പോലും പറയാതെയാണ് മലബാര്‍ മില്‍മ പരസ്യവാചകമാക്കിയത് എന്ന ആരോപണവും മില്‍മയുടെ പരസ്യ പോസ്റ്റിന് താഴെ നിറഞ്ഞു.

കാമ്പ്യയില്‍ ആവശ്യം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ മില്‍മ മാനേജ്‌മെന്റ് തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്ന് (ചൊവ്വ) പകല്‍ ഫായിസിനെ നേരില്‍കാണും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതോടുകൂടി ഫായിസിന് പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍ ഫലം കണ്ടിരിക്കുകയാണ്. മില്‍മ പോലുള്ളൊരു മഹത്തായ പാരമ്പര്യം ഉള്ള സ്ഥാപനം ക്യാപ്ഷന്‍ ചെയ്തതില്‍ വീട്ടുകാരും സന്തോഷത്തിലാണ്. മകന്റെ വീഡിയോ വൈറലായതിൽ സന്തോഷമുണ്ടെന്നും പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും ഫായിസിന്റെ പിതാവ് അബ്ദുല്‍ മുനീര്‍ സഖാഫി പറഞ്ഞു.  സൗദിയിലെ ജിദ്ദയിൽ ഒരു ബഖാലയിൽ ജോലി ചെയ്യുകയാണ് സഖാഫി.

ഫായിസിന്റെ വാക്കുകള്‍ പരസ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും മില്‍മയുടെ സോഷ്യല്‍ മീഡിയ ടീം ഫേസ്ബുക്കില്‍ വൈറലായ ആ വാക്കുകള്‍ ഫേസ്ബുക്ക് പേജില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും മില്‍മ മലബാര്‍ യൂണിയന് എംഡി വിജയകുമാരന്‍ വ്യക്തമാക്കി. ഇത് വാണീജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, ഫായിസിന് തങ്ങള്‍ ഉപഹാരം നല്‍കുമെന്നും വ്യക്തമാക്കി. ഇന്ന് രാവിലെ പത്തരയോടെ മില്‍മയുടെ സോഷ്യല്‍മീഡിയ ടീം ഫായിസിന്റെ വീട്ടിലേക്ക് പുറപ്പെട്ടതായി മില്‍മ എംഡി പറഞ്ഞു.

അതേസമയം, മില്‍മ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട പോസ്റ്റ് പരസ്യം തന്നെയാണെന്നും ഫായിസിന് അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള റോയല്‍റ്റി തന്നെ മില്‍മ കൊടുക്കണമെന്നും ഒരു സര്‍ട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്‌ക്രീമും ആയി അത് ഒതുങ്ങരുതെന്നുമുള്ള നിര്‍ദ്ദേശവും ക്യാമ്പയിന്‍ ഉയര്‍ത്തിയിട്ടുണ്ട്.

SHARE