കണ്ണൂരിലെ പ്രതിഷേധ മഹാറാലി; സമരക്കാരെ തടഞ്ഞ് പട്ടാളം

കണ്ണൂര്‍: പട്ടാളത്തിന്റെ വിലക്ക് കാരണം റാലി മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റാര്‍ട്ടിങ് പോയിന്റായ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്നിലെ മൈതാനത്ത് നിന്ന് തുടങ്ങാനായില്ല. സമരക്കാര്‍ മൈതാനത്തേക്ക് പ്രവേശിക്കുന്നത് പട്ടാളം തടഞ്ഞതിനാല്‍ പ്രഭാത് ജങ്ഷനിലെ വിളക്കും തറയില്‍ നിന്നാണ് റാലി തുടങ്ങിയത്.റാലി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സമരക്കാര്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയിരുന്നു.

എന്നാല്‍ അതിന് മുമ്പേ തോക്കുകളുമായി പട്ടാളം മൈതാനത്തിന്റെ അതിരില്‍ നിലയുറപ്പിച്ചിരുന്നു. സാധാരണ കണ്ണൂരിലെ റാലികള്‍ ഇവിടെ നിന്നാണ് ആരംഭിക്കാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ നിന്ന് ഒരു റാലി തുടങ്ങിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പട്ടാളം ഇത്തരമൊരു വിലക്ക് മൈതാനത്ത് ഏര്‍പ്പെടുത്തുന്നത്.

പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലെ സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ ആളുകള്‍ കൂടുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് പട്ടാളക്കാരുടെ വാദം. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പട്ടാളം അധികൃതര്‍ പൊലീസിന് കത്തും നല്‍കിയിട്ടുണ്ടത്രെ. എന്നാല്‍ പൊലീസ് ഈ കാര്യം സംഘാടകരെ അറിയിച്ചിരുന്നില്ല.

SHARE