കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും നല്‍കണം; യാത്രാക്കൂലി സര്‍ക്കാറുകള്‍ പങ്കിടണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്നത്തില്‍ കോടതിയുടെ പരിഗണനയ്ക്കെത്തിയത്. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ പണം ഈടാക്കരുതെന്നും തൊഴിലാളികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രയ്‌ക്കോ, ബസ് യാത്രക്കോ പണം ഈടാക്കരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഇവരുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാറുകള്‍ പങ്കിടണം. യാത്ര തിരിക്കുന്ന സംസ്ഥാനവും തൊഴിലാളികള്‍ ഏത് സംസ്ഥാനത്തേക്കാണോ പോവുന്നത് ആ സംസ്ഥാന സര്‍ക്കാരും തമ്മില്‍ ചെലവ് പങ്കിടണം. യാത്ര വേളയിലെ ഇവരുടെ ഭക്ഷണ ചെലവും സര്‍ക്കാര്‍ വഹിക്കണം.

രജിസ്‌ട്രേഷന്‍ വൈകുന്നതു കൊണ്ടാണ് ചിലര്‍ കാല്‍ നടയായി പോവുന്നത്. ഇവരെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു.  ദുരിത പരിഹാരത്തിന് കൃത്യമായ പദ്ധതിയില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് നിരീക്ഷിച്ച, കോടതി എല്ലാ തൊഴിലാളികളേയും തിരിച്ചെത്തിക്കാന്‍ ഇനി എത്രകാലമെടുക്കുമെന്നും കേന്ദ്രത്തോട് ചോദിച്ചു.