അതിഥി തൊഴിലാളികളെ ആര്‍ക്കു വേണം? സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ നിറയെ പൊരുത്തക്കേടുകള്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിറയെ പൊരുത്തക്കേടുകള്‍. ഭരണകൂടങ്ങള്‍ തൊഴിലാളികളോട് എത്രമാത്രം നിഷ്‌ക്രിയ സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

തൊഴിലാളികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത് ജൂണ്‍ മൂന്നു വരെ ഒരു കോടി കുടിയേറ്റ തൊഴിലാളികള്‍ റെയില്‍-റോഡ് മാര്‍ഗം വഴി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ രണ്ടിന് തൊഴില്‍ മന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം 26.17 ലക്ഷം തൊഴിലാളികളാണ് ഗ്രാമങ്ങളില്‍ തിരിച്ചെത്തിയത്. ഏകദേശം എഴുപത്തിയഞ്ച് ലക്ഷത്തിന്റെ കുറവ്.

മെയ് 28ലെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25 ലക്ഷം തൊഴിലാളികളെ സുരക്ഷിതമായും വിജയകരമായും സ്വന്തം സംസ്ഥാനത്തെച്ചു എന്നാണ് അവകാശപ്പെടുന്നത്. ജൂണ്‍ രണ്ടിലെ തൊഴില്‍ മന്ത്രാലയത്തിലെ സംസ്ഥാനം തിരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് യു.പിയിലെത്തിയത് 36,421 പേരാണ്. ഇവര്‍ക്കായി 4019 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരതിഥി തൊഴിലാളി പോലും സംസ്ഥാനത്തു നിന്ന് പോയിട്ടില്ല എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. തിരിച്ചെത്തിയ എല്ലാ തൊഴിലാളികള്‍ക്കും 15 ദിവസത്തെ ക്വാറന്റൈന്‍ നടപ്പാക്കി. റേഷന്‍ കിറ്റും ആയിരം രൂപയും നല്‍കി. ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്- റിപ്പോര്‍ട്ട് പറയുന്നു.

28 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തി എന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ ആദ്യവാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയ കണക്കില്‍ ഇത് 7719 മാത്രമാണ്. 13.6 ലക്ഷം തൊഴിലാളികള്‍ തിരിച്ചെത്തി എന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയ കണക്കില്‍ തിരിച്ചെത്തിയത് 92,883 പേര്‍ മാത്രം.

20 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തി എന്ന് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം നല്‍കിയെന്നും സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയ കണക്കില്‍ തിരിച്ചെത്തിയവര്‍ 47,566 പേരാണ്. ഇവര്‍ക്കായി 8182 ദുരിതാശ്വാസ ക്യാമ്പുകളും തയ്യാറാക്കി.

12 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ചത് 3.82 ലക്ഷം പേരുടെ വിവരങ്ങള്‍ മാത്രം. 6.82 ലക്ഷം തൊഴിലാളികളുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഡല്‍ഹി തിരിച്ചയച്ചത് മൂന്നു ലക്ഷം തൊഴിലാളികളെയാണ് എന്നാല്‍ 20,783 പേരുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ വേണ്ട രീതിയില്‍ സര്‍ക്കാറുകള്‍ ശേഖരിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് വിവിധ മന്ത്രാലയങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍.