മുംബൈയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍- ഉദ്ധവ് താക്കറെയെ വിളിച്ച് അമിത് ഷാ

മുംബൈ: ലോക്ക് ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന അതേദിവസം മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂറ്റന്‍ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ നഗരത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പൊലീസ് പ്രതിഷേധക്കാരെ ലാത്തിവീശി ഓടിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ചു. ഇത്തരം സംഭവങ്ങള്‍ കോറോണ വിരുദ്ധ പോരാട്ടം ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും എന്ന് അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഷാ വ്യക്തമാക്കി.

ബാന്ദ്ര റെയില്‍വേ സ്റ്റേഷനടുത്താണ് തൊഴിലാളികള്‍ പ്രതിധേഷിച്ചത്. ലോക്ക് ഡൗണ്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച വേളയിലും സമാനമായ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടായിരുന്നു. നഗരങ്ങളില്‍ നിന്ന് നാട്ടിലേക്ക് വന്‍തോതില്‍ തിരിച്ചു പോക്കും നടന്നിരുന്നു.