അമ്മ മരിച്ചതറിയാതെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്; കരളലിയിപ്പിക്കുന്ന കാഴ്ച

ബീഹാറിലെ മുസഫര്‍പുറിലെ റെയില്‍വേ സ്‌റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച്‌വലിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്ന ഒരു പിഞ്ചുകുഞ്ഞ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ ദൃശ്യം പുറംലോകം വേദനയോടെയാണ് കണ്ടത്. കുഞ്ഞ് വസ്ത്രം പിടിച്ചുവലിച്ചിട്ടും അമ്മ എഴുന്നേല്‍ക്കുന്നില്ല. എന്നിട്ടും അവന്‍ ശ്രമം ഉപേക്ഷിക്കുന്നുമില്ല.

കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെയാണ് ആ അമ്മ മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രത്യേക ട്രെയിനില്‍ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്‌റ്റേഷനിലെത്തിയത്. യാത്രയില്‍ അമ്മക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ഗുജറാത്തില്‍ നിന്ന് അവര്‍ ട്രെയിനില്‍ കയറിയത്. തിങ്കളാഴ്ച മുസഫര്‍പൂറിലെത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആരൊക്കെയോ ചേര്‍ന്ന് മൃതദേഹം പ്ലാറ്റ്‌ഫോമിലേക്ക് കിടത്തി. ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. അവരുടെ മകന്‍ അപ്പോഴും അരികിലിരുന്ന് കളിക്കുകയായിരുന്നു. മറ്റൊരു കുട്ടി അവനെ വിളിച്ചു കൊണ്ടുപോകുന്നതു വരെ അവരെ ഉണര്‍ത്താന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ക്കു മുമ്പും ഇതേ സ്‌റ്റേഷനില്‍ രണ്ടുവയസു പ്രായമുള്ള കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂട് അതിജീവിക്കാനാവാതെ മരിച്ചിരുന്നു.

SHARE