ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുറെ ഇളവുകള്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ഒന്നു ജോഗിങിന് പോകാം എന്നു കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണിലൊന്നും നിലവിലെ സാഹചര്യത്തില്‍ അതിനു പറ്റില്ല. കാരണം അത് അവശ്യ/അടിയന്തര ആവശ്യങ്ങളില്‍ പെടില്ല എന്നതു കൊണ്ടു തന്നെ. ഓറഞ്ച് സോണിലും ഗ്രീന്‍ സോണിലും കാറെടുത്ത് കറങ്ങി വരാം എന്നു കരുതിയാലും നടക്കില്ല. സര്‍ക്കാര്‍ അനുവദിച്ച കാര്യങ്ങള്‍ക്കു മാത്രമേ കാറില്‍ യാത്ര ചെയ്യാനാകൂ. അതും രണ്ടു പേരുമായി മാത്രം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍. മെയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക്ഡൗണാണ് സാഹചര്യങ്ങള്‍ മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് മെയ് 17ലേക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പത്രക്കുറിപ്പില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളുടെ പട്ടികയാണിത്. ഇന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇവ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വച്ചത്.
അവയിങ്ങനെ;
രാജ്യത്തുടനീളം നിരോധിക്കപ്പെട്ടവ
1- റോഡ് വഴിയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍, റെയില്‍, വ്യോമ, മെട്രോ ഗതാഗതം. ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ളവ ഒഴിച്ച്. (ഉദാ. കുടിയേറ്റ തൊഴിലാളികളുടെ തീവണ്ടി യാത്ര)
2- ജിം, തിയേറ്റര്‍, മാള്‍, ബാര്‍ തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍
3- സ്കൂള്‍, കോച്ചിങ് സെന്റര്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ/പരിശീലന കേന്ദ്രങ്ങള്‍. ഓണ്‍ലൈന്‍, ഡിസ്റ്റന്‍സ് പഠനത്തിന് അനുമതി.
4- മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍
5- അവശ്യകാര്യങ്ങള്‍ക്കല്ലാതെ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര
6- ഹോട്ടലുകള്‍ റസ്റ്ററന്റുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍
- റെഡ് സോണ്‍
നിരോധിക്കപ്പെട്ടവ (കണ്ടൈന്‍മെന്റ് സോണില്‍)
1- അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും കടത്ത്, മെഡിക്കല്‍ എമര്‍ജന്‍സികള്‍ എന്നിവ ഒഴിച്ചുള്ള എല്ലാം നിരോധിച്ചു.
2- ഒ.പി.ഡികളും മെഡിക്കല്‍ ക്ലിനിക്കുകളും
നിരോധിക്കപ്പെട്ടവ (കണ്ടൈന്‍മെന്റ് സോണിന് പുറത്ത്)
1 – റിക്ഷ, ടാക്സി, ബസ്, ബാര്‍ബര്‍ ഷോപ്പ്, സ്പാ
2- രാജ്യത്ത് പൊതുവായി നിരോധിക്കപ്പെട്ട എല്ലാ കാര്യങ്ങളും
റെഡ്സോണിലെ കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങളോടെ അനുവദിക്കപ്പെട്ടവ
നഗരമേഖലയില്‍:
അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കായി ജനങ്ങളുടെ/ വാഹനങ്ങളുടെ സഞ്ചാരം, സ്പെഷ്യല്‍ എകണോമിക് സോണുകള്‍ പോലുള്ള വ്യവസായിക സ്ഥാപനങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും വിതരണ ശൃംഖലയും, ഐ.ടി ഹാര്ഡ്വെയര്, ചണ വ്യവസായം, സൈറ്റില്‍ തന്നെ താമസിക്കുകയാണ് എങ്കില്‍ അവിടെയുള്ള നിര്‍മാണ പ്രവൃത്തികള്‍, ഒറ്റപ്പെട്ട കടകള്‍, റസിഡന്‍ഷ്യന്‍ സമുച്ചയങ്ങളിലെ കടകള്‍ (അവശ്യവും അല്ലാത്തവയും), അവശ്യസാധനങ്ങള്‍ക്കായുള്ള ഇ-കൊമേഴ്സ്, 33 ശതമാനം ആള്ശേഷിയോടു കൂടി സ്വകാര്യ ഓഫീസുകള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍, നിരാലംബര്‍ എന്നിവര്‍ക്കുള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ഓഫീസുകള്‍, എമര്‍ജന്‍സി, ആരോഗ്യ, ശുചീകരണ, സുരക്ഷാ സേവന ഓഫീസുകള്‍.
ഗ്രാമ പ്രദേശങ്ങളില്‍:
എല്ലാ വ്യാവസായിക നിര്‍മാണ പ്രവൃത്തിയും, ഷോപ്പിങ് മാളില്‍ ഒഴികെയുള്ള എല്ലാ കടകളും, എല്ലാ കാര്‍ഷിക-മൃഗപരിപാലന-തോട്ടം പ്രവൃത്തികള്‍, ആരോഗ്യസര്‍വീസുകള്‍, ബാങ്ക്, എന്‍.ബി.എഫ്.സി തുടങ്ങിയ ധനകാര്യ മേഖല, കൊറിയറുകളും പോസ്റ്റല്‍ സര്‍വീസുകളും, പ്രിന്റ്-ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍, ഐ.ടി സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പ് ഒഴികെയുള്ള സേവനങ്ങള്‍, വെയര്‍ ഹൗസുകള്‍.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു മൂലം ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി നടപ്പാക്കുന്ന ഇടങ്ങളാണ് കണ്ടൈന്‍മെന്റ് സോണുകള്‍ എന്നറിയപ്പെടുന്നത്.
- ഓറഞ്ച് സോണ്‍
നിരോധിക്കപ്പെട്ടവ:
അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ ബസ് യാത്രകള്‍. (ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നവ ഒഴിച്ച്)
അനുവദിക്കപ്പെട്ടവ:
റെഡ് സോണിലെ കണ്ടൈന്‍മെന്റ് സോണിന് പുറത്ത് അനുവദിച്ച എല്ലാ കാര്യങ്ങളും
ടാക്സി സര്‍വീസ് (ഡ്രൈവറും രണ്ടും യാത്രക്കാരും മാത്രം)
അന്തര്‍ ജില്ലാ യാത്രകള്‍. (വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാം)
നാലു ചക്രവാഹനങ്ങള്‍ (രണ്ടു യാത്രക്കാരും ഡ്രൈവറും മാത്രം)
ഇരു ചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രയാകാം
- ഗ്രീന്‍സോണ്‍
രാജ്യത്തുനീളം നിരോധിക്കപ്പെട്ടവ ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും
ബസുകള്‍ അമ്പത് ശതമാനം യാത്രാശേഷിയോടെ മാത്രം പ്രവര്‍ത്തിക്കാം

- അതതു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവരുടെ വിലയിരുത്തലുകള്‍ പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ഇതു പ്രകാരം ഗ്രീന്‍ സോണുകളില്‍ അനുവദിക്കപ്പെട്ട ജില്ലയ്ക്കകത്തെ പൊതുഗതാഗതം കേരളത്തില്‍ വേണ്ടെന്നു വച്ചിട്ടുണ്ട്.