തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും

തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു. എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും തൃശ്ശൂരിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ട് മൂലം പ്രയാസം നേരിടുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു

ശനിയാഴ്ച ശക്തമായ കാറ്റിന് സാധ്യത
ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും. ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മൂന്നാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറില്‍ 24 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.