എം.ജി സര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കുന്നു

കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സിലബസ് നിലവില്‍ വരും. 45 വിഷയങ്ങളിലായി 80 കോഴ്‌സുകളുടെ സിലബസാണ് പരിഷ്‌കരിക്കുന്നത്.

ഡയരക്ട് ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ് രീതിയില്‍ നിന്ന് ഏഴ് പോയിന്റ് ഗ്രേഡിങ് രീതിയിലേക്ക് മാറും. കോഴ്‌സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാണ്. പ്രൊജക്ട്/ഡിസര്‍ടേഷന്‍ എന്നിവയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സെമിനാറുകളിലോ വിദഗ്ധ സമിതിക്ക് മുന്നിലോ പ്രബന്ധം അവതരിപ്പിക്കണം.

പി.ജി കോഴ്‌സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററില്‍ 16 മുതല്‍ 25 ക്രെഡിറ്റ് നിര്‍ബന്ധമാണ്. ഒരു കോഴ്‌സിന് രണ്ട് മുതല്‍ അഞ്ച് ക്രെഡിറ്റ് വരെ നല്‍കാം. ഓരോ കോഴ്‌സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നമ്പറും നല്‍കും. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള 14 ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും 31 വിദഗ്ധസമിതിയുടേയും നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ശില്‍പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

SHARE