കൊറിയന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലേക്ക്

റോസ്‌തോവ്: ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തല്ലിയുടച്ച് മെക്‌സിക്കോ രണ്ടാം റൗണ്ടിലേക്ക്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയ മെക്‌സിക്കോ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കൊറിയയെ വീഴ്ത്തിയത്. രണ്ടാം തോല്‍വിയോടെ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ പൂര്‍ണമായി അസ്തമിച്ചു.

26-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ കാര്‍ലോസ് വേലയാണ് മെക്‌സിക്കോയുടെ ആദ്യഗോള്‍ നേടിയത്. ബോക്‌സില്‍ ടാക്കിള്‍ ചെയ്യാനുള്ള ശ്രമത്തില്‍ കൊറിയന്‍ താരം പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. 66-ാം മിനുട്ടില്‍ ലൊസാനോയുടെ പാസ് സ്വീകരിച്ച് ഹവിയര്‍ ഹെര്‍ണാണ്ടസ് ഗോള്‍നില രണ്ടാക്കി ഉയര്‍ത്തി.

രണ്ട് ഗോള്‍ വഴങ്ങിയ ശേഷം ദക്ഷിണ കൊറിയ ആക്രമണം ശക്തമാക്കിയെങ്കിലും മെക്‌സിക്കന്‍ കീപ്പര്‍ ഒച്ചോവയുടെ തകര്‍പ്പന്‍ സേവുകള്‍ വിഘാതമായി. ഇഞ്ചുറി ടൈമില്‍ ബോക്‌സിനു പുറത്തുനിന്ന് സോന്‍ ഹ്യൂങ് മിന്‍ തൊടുത്ത ഷോട്ട് മെക്‌സിക്കന്‍ വലയില്‍ കയറിയതോടെ ഏഷ്യക്കാര്‍ക്ക് പ്രതീക്ഷ കൈവന്നെങ്കിലും മെക്‌സിക്കോ സമനില ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.