‘ഇങ്ങനെ കളിച്ചാല്‍ നമ്മള്‍ ചാമ്പ്യന്‍സ് ലീഗിലും ജയിക്കില്ല’; പൊട്ടിത്തെറിച്ച് മെസി

ബാഴ്‌സലോണ: ഒസാസുനയോട് തോറ്റതിന് പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.കഴിഞ്ഞ ദിവസം ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒസാസുനയോട് പരാജയപ്പെട്ടത്. ബാഴ്‌സ തോറ്റപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ മറികടന്ന് ലാ ലിഗ കിരീടവും സ്വന്തമാക്കി. ഇതോടെയാണ് മെസ്സി ടീമിന്റെ പ്രകടനത്തില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

ബാഴ്‌സലോണ ടീം ദുര്‍ബലമാണെന്ന് മെസ്സി തുറന്നടിച്ചു. റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ അവരുടെ ലീഗ് വിജയത്തില്‍ ബാഴ്‌സയും സഹായിച്ചെന്ന് മെസ്സി പറഞ്ഞു. ”റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കി. ശ്രദ്ധേയമായ കാര്യമാണത്. പക്ഷേ ഈ ലീഗ് നേടാന്‍ ഞങ്ങള്‍ അവരെ സഹായിക്കുകയും ചെയ്തു. എങ്ങനെ കളിച്ചു എന്ന കാര്യത്തില്‍ നമ്മള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകേണ്ടതുണ്ട്.” മെസ്സി പറഞ്ഞു.

”നാളുകള്‍ക്ക് മുമ്പേ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ കളിച്ചാന്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നാപ്പോളിയുമായി രണ്ടാം പാദ മത്സരം ബാഴ്‌സയ്ക്ക് ബാക്കിയുണ്ട്. ഇറ്റലിയില്‍ നടന്ന ആദ്യ പാദം സമനിലയിലായിരുന്നു (1-1).

SHARE