മെസിയെ വാഴ്ത്തിപ്പറഞ്ഞ് നെയ്മര്‍

അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്‌ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്‌ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

എന്നാല്‍ പോരടിച്ചു നീങ്ങുന്ന രണ്ട് ഫുട്‌ബോള്‍ ധ്രുവങ്ങള്‍ എന്നതിനപ്പുറത്ത് ഒരു യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം നെയ്മര്‍. താന്‍ കണ്ട ഏറ്റവും മികച്ച കളിക്കാരന്‍ അര്‍ജന്റീനന്‍ താരം മെസിയാണെന്ന് നെയ്മര്‍ പറഞ്ഞു. ഇതിനു മുമ്പും നെയ്മര്‍ നിരവധി തവണ മെസിയെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മെസിക്കൊപ്പം ഒരു മാജിക്കല്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും നെയ്മര്‍ വ്യക്തമാക്കി. ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിച്ചതിന്റെ ഓര്‍മ അയവിറക്കുകയായിരുന്നു നെയ്മര്‍. മെസിയുടെ കൂടെ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും ആനന്ദവും ഉണ്ടെന്നു പറഞ്ഞ നെയ്മര്‍, മെസി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും പറഞ്ഞു.

ക്ലബ്ബ് ഫുട്‌ബോളില്‍ നിലവില്‍ പി.എസ്.ജി താരമായ നെയ്മര്‍ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. നെയ്മറിനായി ബാഴ്‌സ ഔദ്യോഗികമായി തന്നെ ഇപ്പോള്‍ പി.എസ്.ജിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ പി.എസ്.ജി ക്ലബുമായുള്ള ചര്‍ച്ച വിജയത്തിലെത്തിയിട്ടില്ല. ഇതിനിടെ നെയ്മര്‍ യുവന്റസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും പരന്നിരുന്നു.