ബാഴ്‌സലോണ: വിജയത്തിനായി വീണ്ടും സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തുണതന്നെ തേടേണ്ടിവന്ന് ബാഴ്‌സലോണ. കളം നിറഞ്ഞ ലയണല്‍ മെസിയുടെ തുടര്‍ച്ചയായ അസിസ്റ്റുകള്‍ ഗോളുകളായി മാറിയപ്പോള്‍ റയല്‍ ബെറ്റിസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി. സമ്മദ്ദത്തിനിടയിലും ജയിച്ചുകയറിയതോടെ ബാഴ്‌സലോണ ലാ ലീഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. രണ്ടു തവണ മുന്നിലെത്തിയ റയല്‍ ബെറ്റിസിനെ മെസിയുടെ മികവിലാണ് ടീം പരാജയപ്പെടുത്തിയത്. ലീഗിലെ കടുത്ത എതിരാളികളായ റയല്‍ മാഡ്രിഡ് ഒസാസുനക്കെതിരെ 4-1ന്റെ ആധികാരിക വിജയത്തോടെ ബാഴ്‌സക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റയല്‍ ബെറ്റിസ് കനാലസ് പെനാല്‍റ്റിയിലൂടെ മുന്നില്‍ കേറി. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഫ്രാങ്കി ഡി യോങിലൂടെ ബാഴ്‌സ സമനില പിടിച്ചു. ലയണല്‍ മെസി നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ 26-ാം മിനിറ്റില്‍ നബീല്‍ ഫകീര്‍ ബെറ്റിസിനെ വീണ്ടും മുന്നിലെത്തി.
എന്നാല്‍ ആദ്യ പകുതിയുടെ ഒടുക്കം ലയണല്‍ മെസി തന്നെ നീട്ടിയ പാസ് ബുസ്‌കെറ്റ്‌സ് ഗോളാക്കിയതോടെ ബാഴ്‌സ സമനില പിടിച്ചു.
മെസിയുടെ മൂന്നാം അസിസ്റ്റില്‍ രണ്ടാം പകുതിയുടെ 72-ാം മിനിറ്റിലാണ് ലെങ്‌ലെറ്റിലൂടെ ബാഴ്‌സയുടെ വിജയഗോള്‍ പിറന്നത്.