ഗ്രൗണ്ടിലും ഗാലറിയിലും മെസ്സി; നൗകാംപിനെ ഞെട്ടിച്ച് സൂപ്പര്‍ താരത്തിന്റെ അപരന്‍

ബാര്‍സലോണ: ലാലിഗയില്‍ മാലഗക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി പൊരുതിക്കളിക്കുമ്പോള്‍ ഗാലറിയില്‍ താരം മറ്റൊരു ‘മെസ്സി’യായിരുന്നു. രൂപത്തിലും ഭാവത്തിലും ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പായ റിസ പറസ്‌തേഷ്, തന്റെ ഇഷ്ടതാരത്തിന്റെ കളി നേരില്‍ കാണാന്‍ നൗകാംപിലെത്തിയത് ഗാലറിയുടെ ആഘോഷമായി. ഇറാന്‍ പൗരനായ 25-കാരന്‍ ക്യാമറക്കണ്ണുകളുടെയും ആരാധകരുടെയും പ്രിയതാരമായി മാറി.

ബാര്‍സലോണയുടെ ജഴ്‌സിയണിഞ്ഞ് ഗാലറിയിലെത്തിയ റിസ പറസ്‌തേഷിനെ യഥാര്‍ത്ഥ മെസ്സിയെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. ‘ഇന്ന് സ്റ്റേഡിയത്തില്‍ രണ്ട് മെസ്സിമാരുണ്ട്. ഞങ്ങള്‍ നേരില്‍ കാണുമോ? എന്റെ സ്വപ്‌നം സാക്ഷാത്കരിക്കൂ…’ എന്നെഴുതിയ ബാനറുമായാണ് റിസ പറസ്‌തേഷ്. സൂപ്പര്‍ താരത്തന്റെ ‘ഡ്യൂപ്പി’നൊപ്പം ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ ആരാധകരുടെ തിരക്കായിരുന്നു.

ഒറ്റക്കാഴ്ചയില്‍ മെസ്സിയെന്നു തന്നെ തോന്നിക്കുന്ന റിസ ഇറാനില്‍ നേരത്തെ തന്നെ താരമായിട്ടുണ്ട്. മെസ്സി മോഡല്‍ താടിയും ഹെയര്‍ സ്‌റ്റൈലുമായി ഇറാനിലെ ഹമാദെന്‍ നഗരത്തില്‍ കാറുമായിറങ്ങിയ റിസയെ മെസ്സിയെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍ വളഞ്ഞത് ലോക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് ഗതാഗതക്കുരുക്കുണ്ടാക്കിയതിന് കാറടക്കം റിസയെ പൊലീസ് പൊക്കുകയും ചെയ്തു. പ്രസിദ്ധനായതോടെ, നിരവധി കമ്പനികള്‍ തങ്ങള്‍ക്കു വേണ്ടി മോഡലിങ് ചെയ്യാന്‍ റിസയെ സമീപിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയായ റിസ പറസ്‌തേഷ്, ജോലി ചെയ്തും സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചതുമായ പണം ഒരുക്കൂട്ടിയാണ് ബാര്‍സലോണയില്‍ കളി കാണാനെത്തിയത്. ഏതാനും ദിവസങ്ങള്‍ കൂടി കാറ്റലന്‍ തലസ്ഥാനത്ത് തങ്ങുന്ന താരം, തന്റെ ‘ഒറിജിനലി’നെ നേരില്‍ക്കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.