ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്

മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്‌നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാര്‍സ അവസാന എട്ടില്‍ ഇടം നേടിയത്. മത്സരത്തില്‍ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം അടിക്കുകയും ഒന്നിന് വഴിയൊരുക്കിയുമാണ് മെസ്സി കളം വിട്ടത്.

 

മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചെല്‍സി കീപ്പര്‍ കുര്‍ട്ടോറിയസിന്റെ കാലിനിടയിലൂടെ തകര്‍പ്പന്‍ ഫിനിഷ് നടത്തി മെസ്സി ബാര്‍സയെ മുന്നിലെത്തിച്ചു. മെസ്സി-ഡെംബല-സുവാരസ് സംഖ്യത്തിന്റെ മനോഹരമായ നീക്കം മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു. ബാര്‍സ കുപ്പായത്തില്‍ മെസ്സി നേടുന്ന ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. 20-ാം മിനുട്ടില്‍ ഡെംബല കറ്റാലന്‍സിന്റെ ഗോള്‍ നേട്ടം ഇരട്ടിയാക്കി. മെസ്സിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

 

രണ്ടാം പകുതിയുടെ 63-ാം മിനുട്ടില്‍ മെസ്സി വീണ്ടും ചെല്‍സി വലകുലുക്കി. ചാമ്പ്യന്‍സ് ലീഗിലെ മെസ്സിയുടെ നൂറാം ഗോളായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു ഗോളുകള്‍ നേടുന്ന താരമെന്ന റൊക്കോര്‍ഡും മെസ്സി സ്വന്തമാക്കി. 123 മത്സരങ്ങളില്‍ നിന്നാണ് മെസ്സി ഈ നേട്ടം കൈവരിക്കുന്നത്. 137 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ ചെല്‍സിക്കെതിരെ ഗോള്‍ നേടാന്‍ വിഷമിക്കുന്ന എന്ന ദുഷ്‌പേര് മെസ്സി ഇതോടെ കഴുകികളഞ്ഞു. ആദ്യപാദത്തില്‍ ഒരു ഗോള്‍ നേടിയ താരത്തിന്റെ ചെല്‍സിക്കെതിരായ ഗോള്‍നേട്ടം ഇതോടെ മൂന്നായി ഉയര്‍ന്നു.

 

തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്. ആദ്യമായാണ് ഒരു ക്ലബ് തുടര്‍ച്ചയായി ഇത്രയും തവണ ക്വാര്‍ട്ടറിലെത്തുന്നത്.

ബാര്‍സക്കെതിരായ തോല്‍വിയോടെ പ്രീക്വാര്‍ട്ടറിലെ അഞ്ചു ഇംഗ്ലീഷ് ക്ലബുകളില്‍ പുറത്താവുന്ന മൂന്നാമതെ ടീമായി ചെല്‍സി.

നേരത്തെ മറ്റൊരു സ്പാനിഷ് ക്ലബ് സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനോട് തോറ്റ് ടോട്ടന്‍നാം പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് ക്വാര്‍ട്ടറിലെ ഇംഗ്ലീഷ് സാന്നിധ്യം.