ഫുട്‌ബോള്‍ മിശിഹക്ക് ഇന്ന് 33ാം പിറന്നാള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് മെസി ജനിച്ചത്. മെസിയെ ഫുട്‌ബോളിലെ രാജാവെന്ന പദവിയിലെത്തയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്.2004 ഒക്ടോബര്‍ 17ന് ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ ബാഴ്‌സ അവതരിപ്പിച്ച മെസിയെ പിന്നെ പുകഴ്ത്താന്‍ വാക്കുകള്‍ തേടി നടക്കുന്ന ലോകത്തിനെയാണ് നമ്മള്‍ കണ്ടത്. 2020 ല്‍ കായിക മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയറിലേക്കുള്ള മെസിയുടെ യാത്ര സമാനതകളില്ലാത്തതായിരുന്നു. ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ ആറ് തവണ നേടുന്ന ആദ്യ താരം. ഉയരങ്ങളെല്ലാം മെസിക്ക് മുന്നില്‍ തലകുനിക്കുമ്പോഴും പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ് ഫുട്‌ബോളിന്റെ മിശിഹ.

ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ നേടിയ കിരീട നേട്ടങ്ങള്‍ എണ്ണയാല്‍ തീരില്ലെങ്കിലും ഇന്നും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് അര്‍ജന്റീനയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ കിരീടം ഉയര്‍ത്തി നില്‍ക്കുന്ന മെസിയെ കാണാനാണ്. 2022 ലെ അത്തര്‍ മണക്കുന്ന മൈതാനത്ത് മെസിയും സംഘവും കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഇതുവരെയുള്ള ഫുട്‌ബോള്‍ കരിയറില്‍ ബാഴ്‌സലോണക്ക് വേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി നേടിയത്.

SHARE