ലോകകപ്പ് യോഗ്യത: മെസ്സിയും നെയ്മറും നേര്‍ക്കു നേര്‍

ബെലെഹൊറിസോണ്ടെ: വന്‍ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവിന്റെ പാതയിലെത്തിയ ബ്രസില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബെലെഹൊറിസോണ്ടെയില്‍ നാളെ ചിര വൈരികളായ അര്‍ജന്റീനയെ നേരിടും. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ഇത്തവണ നാണക്കേടിന്റെ ക്ഷീണം തീര്‍ക്കാനായാണ് ഇറങ്ങുന്നത്. 61800 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ നാട്ടുകാരുടെ പിന്തുണയോടെ അര്‍ജന്റീനയെ മറികടക്കാനാവുമെന്നാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ഡുംഗയുടെ പിന്‍ഗാമിയായി ടിറ്റേ എത്തിയതിനു ശേഷം ഇക്വഡോറിനെ 3-0നും കൊളംബിയയെ 2-1നും കീഴടക്കിയ ബ്രസീല്‍ ബൊളീവിയയെ 5-0ന് തകര്‍ത്തിരുന്നു.

 
അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ കിതക്കുന്ന അര്‍ജന്റീനക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ തിരിച്ചു വരവ് അല്‍പം ആശ്വാസം പകരുന്നതാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന്അര്‍ജന്റീനയുടെ അവസാന മൂന്ന് യോഗ്യത മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. മെസ്സിയുടെ അഭാവത്തില്‍ അര്‍ജന്റീന പെറു, വെനസ്വല ടീമുകള്‍ക്കെതിരെ സമനില പാലിക്കുകയും പരാഗ്വേയോട് തോല്‍ക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ബുദ്ധിമാനായ കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ വരവ് തങ്ങളുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ടെന്നും ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റെനാറ്റോ അഗസ്‌റ്റോ പറഞ്ഞു.

 

മെസ്സിയെ മെരുക്കുക കടുപ്പമാണെന്നും ബ്രസീലുകാര്‍ അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നും അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ലൂകാസ് പ്രാറ്റോ പറഞ്ഞു. എഡ്ഗാര്‍ഡോ ബൗസക്കു കീഴില്‍ സെപ്തംബറില്‍ ഒരു മത്സരം മാത്രം കളിച്ച മെസ്സി ഉറുഗ്വേക്കെതിരെ വിജയഗോള്‍ നേടുകയും ചെയ്തിരുന്നു. ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനക്ക് പക്ഷേ യോഗ്യത റൗണ്ടില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലുമായി അഞ്ചു പോയിന്റ് വ്യത്യാസമാണുള്ളത്. ബ്രസീലിനും അടുത്ത ആഴ്ച കൊളംബിയക്കുമെതിരെ നടക്കുന്ന മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

 

10 ടീമുകളുള്ള രൗണ്ട് റോബിന്‍ ലീഗില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ മുന്നില്‍. 20 പോയിന്റുള്ള ഉറുഗ്വേ, 17 പോയിന്റുവീതം നേടി കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകള്‍ മൂന്ന് നാല് സ്ഥാനങ്ങളിലുമാണുള്ളത്. ചിലി, അര്‍ജന്റീന എന്നീ ടീമുകള്‍ 16 പോയിന്റുമായി അഞ്ച് ആറ് സ്ഥാനങ്ങളിലാണ്.ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ റഷ്യയില്‍ 2018ല്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടാം. ടിറ്റേ കോച്ചായി എത്തിയ ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ച ആത്മ വിശ്വാസത്തിലാണ് ബ്രസീല്‍. വെള്ളിയാഴ്ച രാവിലെ 5.10നാണ് മത്സരം. സോണി സിക്‌സ്, സോണി സിക്‌സ് എച്ച്.ഡി ചാനലുകളില്‍ മത്സരം തല്‍സമയം കാണാം.

SHARE