നിര്‍ണായക മത്സരം: കനത്ത സുരക്ഷയില്‍ അര്‍ജന്റീന ടീം ഇക്വഡോറിലെത്തി

ക്വിറ്റോ: ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന കളിക്കാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ഇക്വഡോറില്‍ വിമാനമിറങ്ങി. 2018 ലോകകപ്പിനുള്ള യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ താരങ്ങള്‍ക്ക് കനത്ത സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക സമയം നാളെ വൈകീട്ട് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണി) ആണ് മത്സരം.

10 ടീമുകള്‍ മത്സരിക്കുന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരമാണ് ഇനി നടക്കാനുള്ളത്. നിലവില്‍ യോഗ്യത ഉറപ്പാക്കിയിരിക്കുന്നത് 38 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ മാത്രമാണ്. 28 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള യൂറുഗ്വേയും ഏറെക്കുറെ സ്ഥിതി സുരക്ഷിതമാക്കിയിട്ടുണ്ട്. സ്വന്തം തട്ടകത്തില്‍ ബൊളീവിയയോട് പത്ത് ഗോളിനെങ്കിലും തോറ്റാല്‍ മാത്രമേ യൂറുഗ്വേ പുറത്താവുകയുള്ളൂ.

അതേസമയം, മൂന്നു മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ള ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) ടീമുകളില്‍ ആര് വേണമെങ്കിലും യോഗ്യത നേടുകയും പുറത്താവുകയും ചെയ്യാം. ബ്രസീലിനെ അവരുടെ ഗ്രൗണ്ടില്‍ നേരിടുന്ന ചിലിക്കും സമുദ്രനിരപ്പില്‍ നിന്ന് 9350 അടി ഉയരത്തിലുള്ള അര്‍ജന്റീനക്കുമാണ് അവസാന മത്സരം വലിയ വെല്ലുവിളിയാവുക. കൊളംബിയ – പെറു മത്സരത്തില്‍ ജയിക്കുന്ന ടീമിന് യോഗ്യത ഏറെക്കുറെ ഉറപ്പാക്കാം.

ജയിച്ചാലും നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ അര്‍ജന്റീനക്ക് മറ്റ് മത്സരഫലങ്ങള്‍ കൂടി അനുകൂലമാവേണ്ടി വരും. സമനില വഴങ്ങിയാലും തോറ്റാല്‍ തന്നെയും സാധ്യതയുണ്ടെങ്കിലും അവ സങ്കീര്‍ണമാണ്. അതിനാല്‍ എങ്ങനെയും ജയിക്കുക എന്നതാവും വെല്ലുവിളി. സ്വന്തം ഗ്രൗണ്ടില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോൡന് തോറ്റ അര്‍ജന്റീനക്ക്, എതിരാളികളുടെ തട്ടകത്തില്‍ അതും ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുള്ളത്ര ഉയരത്തില്‍ ജയിക്കാനാവുമോ എന്നാവും ആരാധകര്‍ ഉറ്റുനോക്കുന്നത്.