വീണ്ടും മെസ്സി

 

ബാര്‍സലോണ: രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാര്‍സലോണക്ക് ജയം. കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാര്‍സയുടെ ജയം. സീസണില്‍ നൂറു ശതമാനം വിജയം തുടരുന്ന ബാര്‍സക്ക് 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
465 പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം മാറ്റിവെക്കാന്‍ ബാര്‍സലോണ ലാലിഗ അധികൃതര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ്, സ്വാതന്ത്ര്യവാദികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഴിഞ്ഞ ഗാലറികള്‍ക്കു മുന്നില്‍ കളിക്കാന്‍ ബാര്‍സലോണ തീരുമാനിച്ചത്. സ്‌റ്റേഡിയം സ്‌കോര്‍ബോര്‍ഡില്‍ ‘ജനാധിപത്യം’ എന്നു രേഖപ്പെടുത്തുകയും ബാലറ്റ് പേപ്പറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കാറ്റലന്‍ വിമോചന സമരത്തോടുള്ള പ്രതിഷേധം വ്യക്തമാക്കാനായി ലാസ് പല്‍മാസ്, സ്‌പെയിന്‍ ദേശീയ പതാക ശരീരത്തില്‍ പ്രദര്‍ശിപ്പിച്ചാണ് കളിച്ചത്.
ആദ്യ പകുതിയില്‍ ബാര്‍സക്ക് കനത്ത തലവേദന സൃഷ്ടിച്ച ലാസ് പല്‍മാസ് ബോള്‍ പൊസിഷനിലും ആക്രമണത്തിലും ആതിഥേയരേക്കാള്‍ ഒരുപടി മുന്നില്‍ നിന്നിരുന്നു. ഇടവേളയില്‍ പൗളിഞ്ഞോയെയും അലക്‌സ് വിദാലിനെയും പിന്‍വലിച്ച് ഇവാന്‍ റാകിറ്റിച്ചിനെയും ആന്ദ്രെ ഇനിയസ്റ്റയെയും കളത്തിലിറക്കാനുള്ള ബാര്‍സ കോച്ചിന്റെ തീരുമാനം നിര്‍ണായകമായി. 49-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ആണ് സമനിലക്കെട്ട് പൊട്ടിച്ചത്. മെസ്സിയുടെ നിരവധി ശ്രമങ്ങള്‍ ലാസ് പല്‍മാസ് പ്രതിരോധവും ഗോള്‍കീപ്പറും വിഫലമാക്കിയപ്പോള്‍ അര്‍ജന്റീനക്കാരന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളില്ലാതെ കയറേണ്ടി വരുമെന്ന് തോന്നിയെങ്കിലും 70-ാം മിനുട്ടില്‍ ഡെനിസ് സുവാരസിന്റെ പാസ് സ്വീകരിച്ച് ഗോള്‍കീപ്പറെ കബളിപ്പിച്ച് മെസ്സി വലകുലുക്കി. 77-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍ സോഷ്യദാദും റയല്‍ ബെറ്റിസും 4-4 സമനിലയില്‍ പിരിഞ്ഞു.

SHARE