‘മെര്‍സല്‍’ കണ്ട് പേടിച്ച സംഘികളും ‘സന്ദേശം’ കണ്ട് ചിരിച്ച മലയാളിയും

ബഷീര്‍ വള്ളിക്കുന്ന്

വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം പേടിച്ചാണ് ഇവന്മാർ ജീവിക്കുന്നത്.

‘സന്ദേശം’ എന്ന സിനിമയെ ഇപ്പോൾ ഓർത്ത് പോകുന്നത് അതുകൊണ്ടാണ്. മെർസൽ എന്ന ഒരു തട്ടുപൊളിപ്പൻ സിനിമയിലെ രണ്ട് ഡയലോഗിനെപ്പോലുള്ള സാമൂഹ്യ വിമർശനമല്ല, സന്ദേശം ഉയർത്തിയത്. ചിത്രത്തിലുടനീളം സി പി എമ്മിനേയും കോൺഗ്രസിനേയും കൊന്ന് കൊലവിളിക്കുകയായിരുന്നു. എന്നാൽ ഈ രണ്ട് പാർട്ടികളുടെയും അനുയായികളായ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചുമാണ് ആ സിനിമയെ ചരിത്രവിജയമാക്കിയത്. ഒരു സിനിമ കൊണ്ട് തകരുന്നതല്ല തങ്ങളുടെ പാർട്ടികൾ എന്ന് അവർക്ക് തികഞ്ഞ ബോധ്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നത് കൊണ്ടാണത്. ക്രിയാത്മകമായ വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള സഹൃദയത്വവും ജനാധിപത്യ ബോധവും ഉള്ളത് കൊണ്ട് കൂടിയാണത്. ഇത് രണ്ടും തൊട്ട് തീണ്ടാത്ത ഇവറ്റകളോട് സംസാരിച്ചിട്ടും സംവദിച്ചിട്ടും കാര്യമില്ല.

basheer-vallikkunnu
ബഷീര്‍ വള്ളിക്കുന്ന്‌

ഒരു കാര്യം ഉറപ്പ്. മെർസൽ എന്തൊരു കളക്ഷനാണോ അർഹിക്കുന്നത് മിനിമം അതിന്റെ രണ്ടിരട്ടി കളക്ഷനെങ്കിലും ആ സിനിമ ഈ വിവാദത്തിലൂടെ നേടും. ആ രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്താലും ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ സിനിമ കാണുന്നതിന്റെ എത്രയോ ഇരട്ടി ആളുകൾ ആ രംഗങ്ങൾ കാണും. ഞാൻ തന്നെ അതിനൊരു ഉദാഹരണമാണ് 🙂 ഈ സിനിമ കാണാൻ വളരെ കുറഞ്ഞ സാധ്യതയുള്ള ഞാൻ ഇതിനകം ആ രംഗങ്ങൾ ഒന്നിലധികം തവണ കണ്ടു.

ഈ സിനിമ കാണാനും ഡയലോഗ് കേൾക്കാനും സാധ്യതയില്ലാത്തവർക്ക് വേണ്ടി വിജയിന്റെ ആ കിടിലൻ ഡയലോഗ് ഇവിടെ ഇവിടെ പകർത്താം.

“ഏഴു ശതമാനം ജിഎസ്ടിയുള്ള സിംഗപ്പൂരിൽ ചികിൽസ സൗജന്യം. 28% വരെ ജിഎസ്ടിയുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മമാരുടെ താലിയറുക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. അതേസമയം, ജീവൻരക്ഷാ മരുന്നുകൾക്കു 12 ശതമാനമാണു ജിഎസ്ടി”

കയ്യടിക്കടാ..