കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ശേഷം പിടിയിലായ ആള്‍ക്ക് കോവിഡ്


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആള്‍ക്ക് കൊവിഡ്. താനൂര്‍ സ്വദേശി ഷാനുവിനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ 10 ഓളം പൊലീസുകാരും ആശുപത്രി ജീവനക്കാരും ഉണ്ട്. ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 21നാണ് നാല് അന്തേവാസികള്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് പിന്നീട് നാല് പേരെയും പിടികൂടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ വിവിധ കേസുകളില്‍ പ്രതികളാണ്.

ഷാനു തിരുവനന്തപുരത്തേക്കായിരുന്നു കടന്നത്. ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയാണ്. താനൂരിലേക്ക് തന്ത്രപരമായി വിളിച്ച് വരുത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ആണ് ചാടിപ്പോയവരില്‍ ആദ്യം പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

SHARE