മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്, ‘മലപ്പുറം പരാമര്‍ശം’ വനംമന്ത്രി പറഞ്ഞതനുസരിച്ചെന്നും മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയത് സംസ്ഥാന വനംവകുപ്പ് മന്ത്രി കെ രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി. മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിനെയാണ് മേനക ഇക്കാര്യം അറിയിച്ചത്. മലപ്പുറം പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും താനുദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും അവര്‍ പറയുന്നു. ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ മേനകാഗാന്ധി അവഹേളിച്ചെന്ന് കാണിച്ച് യൂത്ത്‌ലീഗ് പ്രതിഷേധ സൂചകമായി കത്തെഴുതിയരുന്നു. മലപ്പുറത്തെ നേരിട്ടറിയുന്നതിന് ജില്ലയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനാണ് മേനകഗാന്ധിയുടെ മറുപടി.

ഇതിനെ ഒരു സാമുദായിക വിഷയമായി മാറ്റാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാനും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണ്. ഉദ്ദേശിച്ച യഥാര്‍ത്ഥ പ്രശ്‌നം ഏവരും മനസ്സിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദമായ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വീണ്ടും കത്തയച്ചിട്ടുണ്ട്.