ഇപ്പോഴും മാസ്‌ക് ധരിക്കാത്തവര്‍ ഏറെ പേരില്ലേ? അവരെപ്പറ്റി ഒരു പഠനം പറയുന്നത് ഇങ്ങനെ


കോവിഡ്19 തടയുന്നതിനായി ലോകമാകെ നിര്‍ദേശിച്ചിട്ടുള്ള ആരോഗ്യ കരുതലില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ധരിക്കുക എന്നതിനോടൊപ്പം തന്നെ അത് ധരിക്കേണ്ടത് എങ്ങനെയെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. മാസ്‌ക് ധരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഭരണാധിപന്മാര്‍ വരെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും മാസ്‌ക് ധരിക്കാത്ത ഇഷ്ടം പോലെ പേരുണ്ട് എന്നതും വാസ്തവമാണ്. അക്കൂട്ടത്തില്‍ കോവിഡിന്റെ ഗുരുതരമായ നില മനസ്സിലാക്കാത്തവരും മനസ്സിലായിട്ടും എന്തോ അഭിമാനക്ഷതം പോലെ മാസ്‌ക് ധരിക്കാത്തവരും ഉണ്ട്.

മാസ്‌ക് ധരിക്കാത്തതു സംബന്ധിച്ച് കൗതുകകരമായ ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മാസ്‌ക് ധരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ പുരുഷന്മാരാണത്രേ. കാരണം മിക്ക പുരുഷന്മാര്‍ക്കും അത് ബലഹീനതയുടെ അടയാളമായിട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് പഠനം പറയുന്നത്. മാസ്‌ക് ധരിച്ചാല്‍ തങ്ങളുടെ പൗരുഷം ഇല്ലായ്മ ചെയ്യപ്പെടുമെന്ന തോന്നലാണ് അവരെ നയിക്കുന്നത്. ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ബര്‍ക്ക്‌ലിയിലെ ഗണിതശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍.

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് മാസ്‌ക് ധരിക്കാന്‍ കൂടുതല്‍ മനഃപ്രയാസമുള്ളത്. സ്ത്രീകള്‍ കോവിഡ് തങ്ങളെ ബാധിക്കാനുള്ള സാധ്യതക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ പുരുഷന്മാര്‍ രോഗം തങ്ങളെ ബാധിക്കില്ലെന്ന വിശ്വാസത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്-പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ ഇതുവരെ ഉണ്ടായ കോവിഡ് ബാധയും അതേ തുടര്‍ന്നുണ്ടായ മരണവും പരിശോധിച്ചാല്‍ പുരുഷന്മാരിലാണ് കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. സ്ത്രീകളേക്കാള്‍ ഇരട്ടിയിലാധികമാണ് കോവിഡ് പുരുഷന്മാരെ ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനു കാരണമായി പറയുന്നത് പുരുഷന്മാരുടെ രക്തത്തില്‍ കൂടുതല്‍ സാന്ദ്രത അടങ്ങിയിട്ടുണ്ടെന്നാണ്.

SHARE