മെഹുല്‍ ചോക്‌സിക്ക് ആന്റിഗ്വയില്‍ അച്ഛാ ദിന്‍; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

സെന്റ് ജോണ്‍സ്: 5000-ലധികം കോടി രൂപ ലോണെടുത്ത് രാജ്യംവിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. Z-3396732 എന്ന നമ്പറിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ സമര്‍പ്പിച്ചാണ് ചോക്‌സി പൗരത്വം അവസാനിപ്പിച്ചത്. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്.

2018- ജനുവരിയില്‍ ആന്റിഗ്വ ആന്റ് ബര്‍ബുഡ പൗരത്വം നേടിയ ചോക്‌സിയെ കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കരീബിയന്‍ രാജ്യത്തെ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയും ആന്റിഗ്വ-ബര്‍ബുഡയും തമ്മില്‍ ഉഭയകക്ഷി കൈമാറ്റ കരാര്‍ നിലവിലില്ലാത്തതിനാല്‍ കൈമാറ്റം എളുപ്പമാവില്ല. ചോക്‌സിക്ക് ആന്റിഗ്വ പൗരത്വം ലഭിച്ചതിനു ശേഷമാണ് ഇയാള്‍ക്കും സമാനമായ രീതിയില്‍ രാജ്യംവിട്ട ഇയാളുടെ അനന്തരവന്‍ നീരവ് മോദിക്കുമെതിരെ ബാങ്കുകളെ വെട്ടിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

ചികിത്സ തേടാന്‍ യു.എസ്സിലേക്കു പോകുന്നു എന്ന വ്യാജേനയാണ് ചോക്‌സി രാജ്യം വിട്ടത്. അത്യാഢംബര ഭവനങ്ങളും ഹോട്ടലുകളുമുള്ള ആന്റിഗ്വയിലെ ജോളി ഹാര്‍ബര്‍ മാര്‍ക്‌സ് ആണ് ചോക്‌സിയുടെ പുതിയ മേല്‍വിലാസം.

ചോക്‌സിയും നീരവ് മോദിയും ചേര്‍ന്ന് 13,000 കോടി ലോണെടുത്ത് ബാങ്കുകളെ കബളിപ്പിച്ചു എന്നാണ് കേസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖ നല്‍കി ലോണെടുത്ത ഇരുവരും ഇതിന്റെ പിന്‍ബലത്തില്‍ വിദേശ ബാങ്കുകളില്‍ നിന്നും പണംപറ്റുകയായിരുന്നു.

തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും 41 മണിക്കൂര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്താന്‍ ബുദ്ധിമുട്ടാണെന്നും ചോക്‌സി മുംബൈയിലെ ഒരു കോടതിയെ ബോധിപ്പിച്ചിരുന്നു. ബാങ്കുകളുടെ കടം തീര്‍ക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു.

SHARE