‘ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല’; ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം

കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്‍. ചൊവ്വാഴ്ച ബിജെപി പശ്ചിമ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷില്‍ നിന്നും മെഹ്താബ് പാര്‍ട്ടി അംഗത്വമേറ്റെടുത്തെന്ന വാര്‍ത്ത വലിയ രീതിയില്‍ വൈറലായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല ഇതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് മെഹ്താബ് പറഞ്ഞു.

ചൊവ്വാഴ്ച ബംഗാള്‍ ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയ്‌നിലുള്ള ആസ്ഥാനത്ത് വലിയ സദസില്‍ വച്ച് നടന്ന പരിപാടിയിലാണ് മെഹ്താബ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍ 24 മണിക്കൂറില്‍ താരത്തിനുണ്ടായ മനംമാറ്റം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. ഏറെക്കാലം ഈസ്റ്റ് ബംഗാള്‍ നായകനായിരുന്ന മെഹ്താബ് മോഹന്‍ ബഗാന്‍, ഒഎന്‍ജിസി, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച താരം 2014 മുതല്‍ 2016 വരെയുള്ള രണ്ടുവര്‍ഷം ഐഎസ്എല്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

SHARE