ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. തടങ്കല്‍ കാലാവധി അവസാനിക്കാന്‍ അഞ്ച് നാള്‍ കൂടി ശേഷിക്കെയാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം പി.ഡി.പി ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് ട്വിറ്റ് ചെയ്തു. പൊതു സുരക്ഷാ നിയമം ചുമത്തിയാണ് മെഹ്ബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയത്.
ജമ്മു ആന്‍ഡ് കശ്മീരില്‍ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പൊതു സുരക്ഷാ നിയമം ചുമത്തി മുഫ്തിയടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ 2019 ആഗസ്റ്റ് അഞ്ച് മുതല്‍ തടവിലാക്കിയത്. ഒമര്‍ അബ്ദുള്ള, അദ്ദേഹത്തിന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരെയും തടവിലാക്കിയിരുന്നു.എന്നാല്‍ ഫാറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും മേല്‍ ചുമത്തിയ പൊതു സുരക്ഷാ നിയമം കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വലിച്ചിരുന്നു.
എട്ട് മാസം സര്‍ക്കാര്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം മെഹ്ബൂബയെ ഏപ്രില്‍ ഏഴിന് വീട്ടിലേക്ക് മാറ്റിയിരുന്നു. മെയ് അഞ്ചിന് മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. ആഗസ്റ്റ് അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടിരിക്കുന്നത്.