മെഹ്ബൂബ മുഫ്തിക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി

ന്യൂഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതിന്റെ കാരണം ചൂണ്ടിക്കാണിച്ച് മകള്‍ ഇല്‍തിജാ മുഫ്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ പ്രസ്താവനകളൊന്നും മേലില്‍ നടത്തരുതെന്നാവശ്യപ്പെട്ട് നിയമവിരുദ്ധമായി നല്‍കിയ ബോണ്ടില്‍ ഒപ്പുവെക്കാത്തതുമൂലമാണ് മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയതെന്നാണ് ഇല്‍തിജ ട്വിറ്ററില്‍ കുറിച്ചത്.

‘ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് കഴിയും. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജനതയ്ക്ക് അതുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും മിണ്ടാന്‍ സാധിക്കില്ല,’ ഇല്‍തിജ ട്വീറ്റ് ചെയ്തു.

‘പ്രകോപനപരമായ പ്രസ്താവനകള്‍ അക്രമത്തിലേക്ക് നയിക്കുന്നു’ എന്നും ചേര്‍ത്താണ് മെഹ്ബൂബയ്‌ക്കെതിരെ പി.എസ്.എ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ഇല്‍തിജ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന വെടിവെപ്പുകള്‍ക്ക് മുമ്പ് കേന്ദ്ര മന്ത്രി രാജ്യദ്രോഹികളെ വെടിവെയ്ക്കണമെന്നു പറഞ്ഞ പോലെ അത്തരത്തില്‍ പ്രസ്താവനകളുണ്ടായിട്ടുണ്ടെങ്കില്‍ ‘ഇന്ത്യാ സര്‍ക്കാര്‍ ഇത് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കണ’മെന്നും ഇല്‍തിജ ട്വീറ്റ് ചെയ്തു.

2016ല്‍ പി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്ന സമയത്ത് എന്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മെഹ്ബൂബയെ വാഴ്ത്തിയിരുന്നതെന്നും മെഹ്ബൂബ ചോദിച്ചു.