ഡല്‍ഹി കത്തിയെരിയുമ്പോഴും നിങ്ങള്‍ സല്‍ക്കാര തിരക്കില്‍; മോദിക്കെതിരെ മെഹ്ബൂബയുടെ മകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കത്തിയെരിയുമ്പോഴും 80 ലക്ഷം കശ്മീരികള്‍ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുമ്പോഴും രാജ്യത്തെ സര്‍ക്കാര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണെന്ന് വിമര്‍ശിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. വിദേശികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കാറുള്ളതെന്നും ഇല്‍ത്തിജ വിമര്‍ശിച്ചു. മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇല്‍ത്തിജ കേന്ദ്രത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് അഞ്ചിന് മെഹബൂബ വീട്ടുതടങ്കലിലായതിന് ശേഷം ഇല്‍ത്തിജയാണ് അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ക്കെതിരെ കേന്ദ്രം കിരാതമായ പൊതു സുരക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതിന് ശേഷം ഇവിടേക്കുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ചത് ഇത് വരെ പൂര്‍ണ സ്ഥിതിയിലേക്ക് മാറ്റിയിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ജമ്മുകശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത്.

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്താത്തതിനെത്തുടര്‍ന്നാണ് ഇല്‍ത്തിജയുടെ വിമര്‍ശനം.
സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗോക്കല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.