മേഘാലയയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പിയെച്ചൊല്ലി അഭിപ്രായഭിന്നത

സത്യപ്രതിജ്ഞ ഇന്ന് തന്നെയെന്ന് എന്‍. പി.പി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ

ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള സഖ്യകക്ഷി ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.എസ്.പി.ഡി.പി) രംഗത്തെത്തിയത്.

സഖ്യകക്ഷിയില്‍ നിന്ന് ബിജെപിയെ പുറത്താക്കണമെന്നും അല്ലാതെ തന്നെ കേവല ഭൂരിപക്ഷം ഉണ്ടെന്നും കാണിച്ചാണ് ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിലപാട് തിരുത്തി രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എച്ച്.എസ്.പി.ഡി.പി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചതായാണ് വിവരം.

തങ്ങളുടെ തീരുമാനത്തിന് മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ എച്ച്.എസ്.പി.ഡി.പി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

അതേസമയം മേഘാലയയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍. പി.പി) അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

അതേസമയം ബി.ജെ.പിക്കും എച്ച്.എസ്.പി.ഡി.പിക്കും രണ്ട് അംഗങ്ങള്‍ വീതമാണ് ഉളളത്. ഈ രണ്ടു മുന്നണികള്‍ ഇല്ലാതെ തന്നെ 32 അംഗങ്ങളുടെ പിന്തുണ എന്‍.പി.പിക്ക് ഉണ്ട്.
എന്നാല്‍ എച്ച്.എസ്.പി.ഡി.പി പിന്തുണ പിന്‍വലിച്ചാലും എന്‍.പി.പി-ബി.ജെ.പി സഖ്യത്തിന് ഭരണം നേടാന്‍ തടസമാകില്ല. 60 അംഗ നിയമസഭയില്‍ എന്‍.പി.പിക്ക് 19 ഉം ബി.ജെ.പിക്ക് രണ്ടും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആറും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് നാലും അംഗങ്ങളുണ്ട്. ഇതിനു പുറമെ എന്‍.പി.പി-ബി.ജെ.പി മുന്നണിക്ക് ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി പണം വാരിയെറിയുകയാണെന്നും മറ്റു പാര്‍ട്ടികളുടെ തോളില്‍ കയറിയിരുന്ന് വെടിയുതിര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മ പ്രതികരിച്ചു.