‘ഹൈദരാബാദ് ആക്ഷന്‍ മറക്കരുത്’; പൗരത്വബില്ലിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി മേഘാലയ ഗവര്‍ണര്‍

ഷില്ലോങ്: പൗരത്വബില്ലിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി മേഘാലയ ഗവര്‍ണര്‍ തദാഗതാ റോയ്. കഴിഞ്ഞ ദിവസം അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പൗരത്വബില്‍ കീറിയെറിഞ്ഞ ഫോട്ടോക്ക് ഒപ്പമാണ് മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്.

ഗവര്‍ണര്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് ഭരണഘടനാ തത്വം. എന്നാല്‍ ഇത് പൂര്‍ണമായും ലംഘിക്കുന്നതാണ് മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്. ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ വ്യക്തി വിവരങ്ങള്‍ കൊടുത്തത് വലതുപക്ഷ ഹിന്ദു നേതാവ്, തത്വചിന്തകന്‍ ഒപ്പം മേഘാലയ ഗവര്‍ണര്‍ എന്നാണ്.

അതിനിടെ ഇന്ത്യ വിഭജനം മുസ്‌ലിങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍.എസ്.എസ് നീക്കം പൊളിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രംഗത്തെത്തി.

സവര്‍ക്കര്‍ വാദിയായ ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു തര്‍ക്കവുമുണ്ടാവില്ലെന്ന് പറഞ്ഞാണ്, വിഭജനം കോണ്‍ഗ്രസ് നടപ്പാക്കിയതാണെന്ന ഷായുടെ വാദത്തെ എഴുത്തുകാരനും ചരിത്രകാരനുമായ ഗുഹ പൊളിച്ചത്. ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിഭജനത്തിന് മുമ്പ് പറഞ്ഞ കാര്യം മുന്‍നിര്‍ത്തിയായിരുന്നു രാമചന്ദ്രഗുഹ, ബിജെപി അധ്യക്ഷ്യന്‍ കൂടിയായ അമിത് ഷായെ തിരുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാമചന്ദ്രഗുഹയുടെ ചരിത്ര കുറിപ്പ്.

1943 ല്‍ സവര്‍ക്കര്‍ പറഞ്ഞു, മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി എനിക്ക് യാതൊരു തര്‍ക്കവുമില്ല. നമ്മള്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ വസ്തുതയാണ്. സവര്‍ക്കറൈറ്റ് എന്ന് അവകാശപ്പെടുന്ന ആഭ്യന്തരമന്ത്രിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി യാതൊരു തര്‍ക്കവുമില്ല., ഗുഹ ട്വീറ്റ് ചെയ്തു.

നേരത്തെ, സോഷ്യല്‍ മീഡിയ പൊളിക്ടിസ് അനലിസ്റ്റ് ദ്രുവ് രത്തെയും ഇന്ത്യാ വിഭജനത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് പച്ചക്കളമാണെന്ന് തുറന്നുകാട്ടിയിരുന്നു. ഇന്ത്യാ വിഭജനത്തിന് കാരണമായി ഹിന്ദു മഹാസഭയെ മറച്ചുവെച്ച് വിഭജന കാരണം കോണ്‍ഗ്രസാണെന്ന് വരുത്തി തീര്‍ക്കുന്ന അമിത് ഷായെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദധാരിയെന്നാണ്, ട്വീറ്റില്‍ ദ്രുവ് വിശേഷിപ്പിച്ചത്.

SHARE