ഇതാ മുകേഷ് അംബാനിയുടെ വലംകൈ; വമ്പന്‍ ഡീലുകള്‍ക്ക് പിന്നിലെ വിശ്വസ്തന്‍!

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഒന്നര മാസത്തിനിടെ ഫേസ്ബുക്ക് അടക്കം പത്തോളം കമ്പനികളാണ് ജിയോയില്‍ നിക്ഷേപമിറക്കാനുള്ള സന്നദ്ധതയുമായി മുമ്പോട്ടു വന്നത്.

അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്മെന്റ്, ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെ കെ ആര്‍, ടി. പി.ജി, എന്നീ കമ്പനികളാണ് നിലവില്‍ ജിയോയില്‍ നിക്ഷേപിക്കാന്‍ സന്നദ്ധമായിട്ടുള്ളത്. ഇതുവഴി ജിയോ സമാഹരിച്ചത് 97,885 കോടി രൂപയും.

പ്രതിസന്ധിയുടെ ഈ കാലത്തും റിലയന്‍സിന്റെ വന്‍കിട ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആരാണ്? ബിസിനസ് ലോകത്ത് ഈയിടെ ശക്തി പ്രാപിച്ച ഈ ചോദ്യത്തിന് ദേശീയ മാദ്ധ്യമങ്ങള്‍ ഉത്തരമായി വിരല്‍ ചൂണ്ടുന്നത് മനോജ് മോദിയെന്ന വിശസ്തനിലേക്കാണ്.

മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിക്കുന്നയാളല്ല മനോജ് മോദി. വിസിറ്റിങ് കാര്‍ഡില്‍ തസ്തിക പോലും രേഖപ്പെടുത്താത്ത 63കാരന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും അധികമാര്‍ക്കും അറിവില്ല. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള റിലയന്‍സിന്റെ ബിസിനസ് വൃത്തങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിദ്ധ്യമാണ് ഇദ്ദേഹം. ഏപ്രിലില്‍ ഫേസ്ബുക്കുമായി ഉണ്ടാക്കിയ 5.7 ബില്യണ്‍ ഡോളര്‍ കരാറിന്റെ സൂത്രധാരന്‍ മനോജ് മോദിയായിരുന്നു. ഇതിന് പിന്നാലെയാണ് ജിയോയിലേക്ക് നിക്ഷേപത്തിന്റെ കുത്തൊഴുക്കുണ്ടായത്.

പെട്രോകെമിക്കല്‍ മേഖലയില്‍ നിന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യാ ബിസിനസിലേക്കുള്ള റിലയന്‍സിന്റെ മാറ്റത്തിനു പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

‘ഒരു കമ്പനി അതിന്റെ സംഘടനാ ഘടനയെ കുറിച്ച് പരസ്യപ്പെടുത്താറില്ല. എന്നാല്‍ അംബാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബിസിനസ് ലോകത്തിന്് നന്നായി അറിയാം. ഇവര്‍ ഒന്നിച്ച് ഡീലിന് വേണ്ടി പരിശ്രമിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നു- വെന്‍ഞ്ച്വര്‍ കാപിറ്റല്‍ കമ്പനിയായ കലാരി കാപിറ്റല്‍ പാട്‌ണേഴ്‌സ് എം.ഡി വാണി കോല പറയുന്നു.

നിലവില്‍ റിലയന്‍സ് റിട്ടെയ്ല്‍ ലിമിറ്റഡിന്റെയും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ് മോദി. നല്ല വിലപേശല്‍ ശേഷിയുള്ള ആളാണ് മോദി എന്നാണ് റിലയന്‍സുമായി ഡീലില്‍ ഏര്‍പ്പെട്ട ആറിലേറെ കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വന്‍നിക്ഷേപങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്ന വേളയിലാണ് ഇതിനു പിന്നില്‍ ആര് എന്ന ചോദ്യം ബിസിനസ് വൃത്തങ്ങളില്‍ സജീവമായത്.

ധിരുഭായ് അംബാനി പെട്രോ കെമിക്കല്‍ വ്യാപാരം തുടങ്ങിയ 1980കള്‍ മുതല്‍ ഇതുവരെ റിലയന്‍സിനൊപ്പമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് മനോജ് മോദി. ഫേസ്ബുക്കുമായുള്ള ചര്‍ച്ചകളില്‍ അംബാനിയുടെ മക്കളായ ഇഷ, ആകാശ് എന്നിവരും സജീവമായ സാന്നിദ്ധ്യം വഹിച്ചിരുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസിനസില്‍ വന്‍കിട ബന്ധങ്ങളുള്ള മനോജ് മോദിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ രാജ്യത്തെ മിക്ക വ്യവസായികളും പങ്കെടുത്തിരുന്നു. ഇന്‍ഫോസില്‍ നിന്ന് വിശാല്‍ സിക്ക, ആദി ഗോദ്‌റജ്, സ്വാതി പിരാമല്‍, കിരണ്‍ മസുംദാര്‍, ആദിത്യ ബിര്‍ള തുടങ്ങിയരെല്ലാം ജെയ്പൂരിലെ രാംബാഗ് കൊട്ടാരത്തില്‍ നടന്ന വിവാഹത്തിന് എത്തിയിരുന്നു. ഗോയങ്കെ കുടുംബത്തിലെ തേജസ് ഗോയങ്കെയാണ് മകള്‍ ഭക്തി മോദിയെ വിവാഹം ചെയ്തത്.