ന്യൂകാസില്‍ യുണൈറ്റഡ് സൗദിയുടെ സ്വന്തം; പിന്നില്‍ ഈ ബ്രിട്ടീഷ് വനിത- ആന്‍ഡ്ര്യൂ രാജകുമാരന്റെ വിവാഹ വാഗ്ദാനം നിരസിച്ച മോഡല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബുകളില്‍ ഒന്നായ ന്യൂകാസില്‍ യുണൈറ്റഡിനെ സൗദി ഏറ്റെടുക്കുന്നതാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്‌ലിയില്‍ നിന്നാണ് സൗദി പബ്ലിക് ഇന്‍വസ്റ്റ്മെന്‍റിന് വേണ്ടി ബ്രോക്കിങ് കമ്പനി പി.സി.പി കാപിറ്റല്‍ പാട്‌ണേഴ്‌സ് ഓഹരികള്‍ വാങ്ങുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പിന്തുണയുള്ള ബ്രോക്കിങ് കണ്‍സോര്‍ഷ്യമാണിത്.

ചില്ലറക്കാരിയല്ല അമാന്‍ഡ

300 ദശലക്ഷം യൂറോയുടെ ഈ കൈമാറ്റത്തിന് ചുക്കാന്‍ പിടിച്ച് ഒരു ബ്രിട്ടീഷ് വനിതയാണ് എന്നതാണ് ഏറെ കൗതുകകരം. ബ്രിട്ടീഷ് ഫൈനാന്‍ഷ്യല്‍ ബ്രോക്കര്‍ അമാന്‍ഡ സ്റ്റാവ്‌ലി നേതൃത്വം നല്‍കുന്ന പി.സി.പി കാപിറ്റല്‍ പാട്‌ണേഴ്‌സ് എന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റെടുക്കലിന് ചുക്കാന്‍പിടിക്കുന്നത്.

അമാന്‍ഡ സ്റ്റാവ്‌ലി

ചില്ലറക്കാരിയല്ല അമാന്‍ഡ സ്റ്റാവ്‌ലി. മദ്ധ്യേഷ്യയിലെ രാജകുടുംബങ്ങളുമായും വമ്പന്‍ നിക്ഷേപകരുമായും ബന്ധങ്ങളുള്ള അന്താരാഷ്ട്ര ബ്രോക്കറാണ് ഇവര്‍. 1973ല്‍ ഇംഗ്ലണ്ടിലെ നോര്‍ക്ക് യോര്‍ക്ക്‌ഷെയറില്‍ ജനനം. അബൂദാബിയിലെയും ഖത്തറിലെയും രാജകുടുംബാംഗങ്ങള്‍ ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്‌സില്‍ നിക്ഷേപമിറക്കിയതിന് പിന്നില്‍ ഇവരാണ് പ്രധാന പങ്കുവഹിച്ചത്. ബാങ്കിന്റെ 16 ശതമാനം ഓഹരിയാണ് അബൂദാബി രാജ കുടുംബാംഗം ശൈഖ് മന്‍സൂറിന് വേണ്ടി സ്റ്റാവ്‌ലിയുടെ പി.സി.പി കാപിറ്റല്‍ പാട്‌ണേഴ്‌സ് സ്വന്തമാക്കിയത്. ഇതിന് 110 മില്യണ്‍ യൂറോയാണ് കമ്പനിക്ക് കമ്മിഷനായി കിട്ടിയത്. ശൈഖ് മന്‍സൂറിന് വേണ്ടി 2008 സെപ്തംബറില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വാങ്ങിയതും ഇവര്‍ തന്നെ.
2017ലാണ് ന്യൂകാസില്‍ ഓഹരികള്‍ക്കായി ഇവര്‍ 300 മില്യണ്‍ യൂറോയുടെ ബിഡ് കൊടുക്കുന്നത്. 2020 ഏപ്രിലോടെ അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

മോഡലിങില്‍ നിന്ന് തുടക്കം

കാംബ്രിജിലെ സെന്റ് കാതറീന്‍സ് കോളജില്‍ പഠിക്കുന്ന വേളയില്‍ മോഡലായിരുന്നു സ്റ്റാവ്‌ലി. 22-ാമത്തെ വയസ്സില്‍ 180,000 യൂറോ കടം വാങ്ങി ബോട്ടിസ്ഹാമിലെ സ്‌റ്റോക്‌സില്‍ ഒരു റെസ്റ്ററന്‍ഡ് വിലയ്ക്കു വാങ്ങി. റെസ്റ്ററന്‍ഡ് വഴി പ്രദേശത്തെ ഹോഴ്‌സ്‌റേസിങ് കമ്യൂണിറ്റില്‍ അംഗമായി. ഇവിടെ വച്ചാണ് അബൂദാബിയിലെ അല്‍ മഖ്തൂം കുടുംബത്തെ പരിചയപ്പെടുന്നത്. തൊട്ടുപിന്നാലെ ഓഹരി വില്‍പ്പനയിലെത്തി.

അമാന്‍ഡ സ്റ്റാവ്‌ലി

ഓഹരിയിടപാടുകള്‍ക്കായി സ്ഥാപിച്ച ക്യു ടോണ്‍ എന്ന കമ്പനി പരാജയപ്പെട്ട ശേഷമാണ് സറ്റാവ്‌ലി ദുബൈയിലെത്തിയത്. പി.സി.പി കാപിറ്റല്‍ പാട്‌ണേഴ്‌സ് എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തു.

ആ വിവാഹം വേണ്ട

യോര്‍ക്കിലെ പ്രഭു പ്രിന്‍സ് ആന്‍ഡ്യൂ നടത്തിയ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചും സ്റ്റാവ്‌ലി വാര്‍ത്തകളില്‍ നിറഞ്ഞു. 2003ലായിരുന്നു സംഭവം. ഇംഗ്ലീഷ് ടാബ്ലോയിഡുകളിലെ നിറം പിടിപ്പിച്ച വാര്‍ത്തയായിരുന്നു ഇത്. മൂന്നു വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. യു.കെയുടെ വ്യാപാര അംബാസഡറായിരുന്ന ആന്‍ഡ്ര്യൂവിന്റെ ബന്ധങ്ങള്‍ ഇവര്‍ പരമാവധി ബിസിനസിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘ആന്‍ഡ്ര്യൂ നല്ല മനുഷ്യനാണ്. ഞാന്‍ അദ്ദേഹത്തെ നന്നായി പരിരക്ഷിക്കുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ അതെന്റെ സ്വാതന്ത്ര്യത്തെ ബാധിക്കും’ എന്നാണ് വിവാഹം നിരസിച്ചതിനെ കുറിച്ച് സ്റ്റാവ്‌ലി ഡെയ്‌ലി മെയിലിനോട് പറഞ്ഞിരുന്നത്.

2011ല്‍ ഇവര്‍ ഇറാനിയന്‍ വംശജന്‍ മഹര്‍ദാദ് ഗുദൂസിയെ വിവാഹം കഴിച്ചു.

വിവാഹവേളയില്‍ ഭര്‍ത്താവ് മഹര്‍ദാദ് ഗുദൂസിക്കൊപ്പം

ഇപ്പോള്‍ ദുബൈയിലാണ് സ്റ്റാവ്‌ലിയുടെ താമസം. ലണ്ടനിലെ പാര്‍ക്ക് ലേനിലും വീടുണ്ട്. 2017ലെ കണക്കുകള്‍ പ്രകാരം 115 ദശലക്ഷം യൂറോയാണ് ഈ നാല്‍പ്പത്തിയേഴുകാരിയുടെ ആസ്തി.