കഠ് വ, ഉന്നാവോ ബലാത്സംഗം: പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ മീനാക്ഷി ലേഖി.

കഠ് വയിലെയും ഉന്നാവോയിലെയും ബലാത്സംഗ സംഭവങ്ങളില്‍ മാത്രം പ്രതിഷേധിക്കുന്നത് എന്തു കൊണ്ടാണെന്നും രാജ്യത്തെ മറ്റിടങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധം ഉയരാറില്ലെന്നും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ലേഖി പറഞ്ഞു. കഠ് വ സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭ്യര്‍ത്ഥിച്ചു.

അസമില്‍ പന്ത്രണ്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടിയാണ് കഠ് വ ബലാത്സംഗ-കൊലപാതകത്തെയും ഉന്നാവോയിലെ ബി.ജെ.പി എം.എല്‍.എയുടെ ക്രൂരതയെയും മീനാക്ഷി ലേഖി ന്യായീകരിച്ചത്. അസം സംഭവത്തിലെ പ്രധാന പ്രതിയുടെ പേര് സക്കീര്‍ ഹുസൈന്‍ എന്നായിരുന്നുവെന്നും ലേഖി പറഞ്ഞു. അസമിലെ നാഗോളണില്‍ നടന്ന സംഭവത്തില്‍ മൂന്ന് പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ നേരിടുകയാണ്.

കഠ്‌വയില്‍ പ്രതികളെ രക്ഷിക്കാന്‍ സംഘ് പരിവാര്‍ സംഘടന നടത്തിയ മാര്‍ച്ചില്‍ ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റി മീനാക്ഷി ലേഖി ഒന്നും പറഞ്ഞില്ല. ആസിഫ നേരിട്ട ക്രൂരതകള്‍ അടങ്ങുന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ബി.ജെ.പി ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.