കുഞ്ഞിന് നല്‍കുന്ന മരുന്ന് തട്ടി സ്വര്‍ണ്ണം വെളുത്തു, വിവരം പുറത്തു വിട്ട രക്ഷിതാക്കള്‍ക്ക് മരുന്ന് കമ്പനിയുടെ ഭീഷണി

 

തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ടര വയസ്സുകാരന് ചുമയ്ക്കു നല്‍കുന്ന മരുന്നു വീണ് കുഞ്ഞിന്റെ ബ്രയ്‌സ്‌ലറ്റ്, അമ്മയുടെ മാല എന്നിവയുടെ നിറം വെളുത്തു. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ അദ്വൈതിന് നഗരത്തിലെ ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദേശിച്ച മരുന്നാണ് നല്‍കികൊണ്ടിരുന്നത്.

മരുന്നു വീണു സ്വര്‍ണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ കാര്യത്തില്‍ ആശങ്കയിലായ രക്ഷിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്നു വൈകിട്ട് മരുന്നിന്റെ സാംപിള്‍ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കല്‍ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

മരുന്നു കമ്പനിക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിള്‍ വാങ്ങി. സോഷ്യല്‍മീഡിയയില്‍ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഭീഷണി സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

മരുന്ന് കുപ്പിയില്‍ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും നമ്പരുകള്‍ ഒന്നും നിലവിലില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ആശുപത്രി അധികൃതരോടു പരാതിപ്പെട്ടത്. ഇവരിടപെട്ടാണ് കമ്പനി പ്രതിനിധിയെ വരുത്തിയത്.

SHARE