മെഡിക്കല്‍ കോളേജില്‍ ഒമ്പതു കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ്; ആശങ്ക

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ആശങ്കയുണര്‍ത്തി ഒമ്പത് കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരിപ്പുകാരില്‍നിന്ന് പരസ്പരം കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ജനറല്‍ മെഡിസിന്‍ ഒന്നാം വാര്‍ഡില്‍നിന്ന് പതിനാറുപേര്‍ക്കാണ് രോഗം പിടിപെട്ടത്. കൂടാതെ, ഒരു നഴ്‌സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പതിനാറുപേരില്‍ ഒമ്പത് കൂട്ടിരിപ്പുകാരും ആറ്് രോഗികളുമാണുള്ളത്.

ഒന്നാംവാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണാക്കി വാര്‍ഡില്‍ മൊത്തം 24 രോഗികളെയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഒരു കൂട്ടിരിപ്പുകാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ക്കും നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒന്നാംവാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണാക്കിമാറ്റി.

അതേസമയം, മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡുകളിലെ രോഗികള്‍ക്ക് സഹായത്തിനെത്തുന്ന കൂട്ടിരിപ്പുകാര്‍ ആശുപത്രിപരിസരത്ത് വിവിധ ആവശ്യങ്ങള്‍ക്കായി പോവുമ്പോള്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. രക്തപരിശോധന, ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍, മരുന്നും ഭക്ഷണവും വാങ്ങല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രോഗികളുടെ കൂട്ടിരിപ്പുകാരാണ് ചെയ്യുന്നത്. ഇവര്‍ രോഗിയുമായി ഇടപഴകുകയും ആശുപത്രിയിലെ ബാത്‌റൂം സൗകര്യവും മറ്റും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ രോഗവ്യാപനസാധ്യതയേറുകയാണ്.

കൂട്ടിരിപ്പുകാര്‍ മാറിമാറിവരുന്നത് നിയന്ത്രിക്കണം. കോവിഡ് വാര്‍ഡിലെപ്പോലെ കൂട്ടിരിപ്പുകാരെ സഹായിക്കാന്‍ പുറത്ത് സന്നദ്ധപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയാല്‍ ഇവര്‍ക്ക് പുറത്തുപോകാതെ രോഗിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കും

SHARE